10/06/2026
[fontresizer_tawhidurrahmandear_widget]

രാഹുലിന്റേത് പാക് ഭീകരരുടെ ഭാഷ, രാജ്യത്തെ ജനങ്ങളും യുവാക്കളും മോദിയ്ക്കൊപ്പം; വിമർശനവുമായി ബിജെപി

 രാഹുലിന്റേത് പാക് ഭീകരരുടെ ഭാഷ, രാജ്യത്തെ ജനങ്ങളും യുവാക്കളും മോദിയ്ക്കൊപ്പം; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസ്സിനെയും പരസ്യമായി ‘രാജ്യദ്രോഹികൾ’ എന്ന് വിളിക്കാൻ ആഹ്വാനം ചെയ്ത ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ വൻ വിവാദമാകുന്നു. രാഹുൽ ഗാന്ധി സംസാരിക്കുന്നത് ശത്രുരാജ്യമായ പാകിസ്താന്റെയും പാക് പിന്തുണയുള്ള ഭീകരസംഘടനകളുടെയും ഭാഷയിലാണെന്ന കടുത്ത ആരോപണവുമായി ഭരണകക്ഷിയായ ബിജെപിയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തി.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ബുധനാഴ്ച കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന. “നിങ്ങൾ വീടുകളിൽ തിരിച്ചെത്തുമ്പോൾ ആർഎസ്എസ് പ്രവർത്തകർ നിങ്ങളെ സമീപിക്കുകയാണെങ്കിൽ, നിങ്ങൾ അവരുടെ മുഖത്ത് നോക്കി പറയണം- നിങ്ങളുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യദ്രോഹികളാണ്, നിങ്ങളുടെ സംഘടന ഒരു രാജ്യദ്രോഹ പ്രസ്ഥാനമാണ്. നിങ്ങൾ ഇന്ത്യയെ വിറ്റുതുലയ്ക്കാനും നമ്മുടെ ഭരണഘടനയെയും ബി.ആർ. അംബേദ്‌കറെയും മഹാത്മാഗാന്ധിയെയും തകർക്കാനുമാണ് പ്രവർത്തിച്ചതെന്ന് അവരോട് വിളിച്ചു പറയുക,” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രത്തോട് തന്നെയാണ് പോരാടാൻ ആഗ്രഹിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുലിന്റെ ഭാഷ പൂർണ്ണമായും ഒരു ശത്രുരാജ്യത്തിന്റേതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിമർശിച്ചു. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക മുന്നേറ്റം ലോകത്തിന് മുഴുവൻ അറിയാമെന്നും അതിന് രാഹുലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, രാജ്യത്ത് അസ്വസ്ഥതകൾ ഉണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും എന്നാൽ രാജ്യത്തെ ജനങ്ങളും യുവാക്കളും നരേന്ദ്ര മോദിക്കൊപ്പമാണെന്ന് രാഹുൽ മറക്കരുതെന്നും ഓർമ്മിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ 140 കോടി ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ അനാദരിക്കലാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്താൻ പാകിസ്താനും ഭീകരർക്കും മാത്രമേ സാധിക്കൂ എന്നും, രാഹുലിന്റേത് രാഷ്ട്രീയ എതിരാളിയുടെ നിലപാടല്ല മറിച്ച് രാജ്യത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് രാഹുലിന്റെ ഇപ്പോഴത്തെ വാക്കുകളെന്ന് മുതിർന്ന ബിജെപി നേതാവും എംപിയുമായ അനുരാഗ് താക്കൂർ പറഞ്ഞു. ബാബാസാഹെബ് അംബേദ്കറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അപമാനിച്ചത് കോൺഗ്രസ് പാർട്ടിയാണെന്നും, പ്രധാനമന്ത്രി മോദിയെയും ആർഎസ്എസിനെയും നിരന്തരം അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

Also read: