10/06/2026
[fontresizer_tawhidurrahmandear_widget]

മസാലപ്പൊടി കണ്ട് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു; 57 ദിവസം ജയിലിലായ ബിസിനസുകാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം

 മസാലപ്പൊടി കണ്ട് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു; 57 ദിവസം ജയിലിലായ ബിസിനസുകാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഭോപ്പാൽ: വിമാനയാത്രയ്ക്കിടെ കൈവശം കരുതിയിരുന്ന ഗരംമസാലയും ആംചൂർ പൊടിയും (മാങ്ങപ്പൊടി) മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ച് ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക വിധി. ജയിലിലായ ബിസിനസുകാരൻ അജയ് സിങ്ങിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് 57 ദിവസമാണ് ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്.

ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി അജയ് സിങ് ഭോപ്പാൽ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലഗേജ് പരിശോധനയ്ക്കിടെ ബാഗിലുണ്ടായിരുന്ന ബ്രാൻഡഡ് മസാലപ്പൊടികളിൽ ഹെറോയിൻ, എംഡിഇഎ എന്നീ മയക്കുമരുന്നുകൾ അടങ്ങിയിട്ടുണ്ടെന്ന് വിമാനത്താവളത്തിലെ ഇടിഡി മെഷീൻ കാണിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

എന്നാൽ, പിടികൂടിയ വസ്തുക്കൾ മയക്കുമരുന്നല്ലെന്ന് സ്ഥിരീകരിക്കാൻ മതിയായ ലാബ് സംവിധാനങ്ങൾ സംസ്ഥാനത്ത് ഇല്ലാതിരുന്നതാണ് അജയ് സിങ്ങിന് തിരിച്ചടിയായത്. റീജിയണൽ ഫോറൻസിക് ലാബിൽ പരിശോധനാ സൗകര്യമില്ലാത്തതിനാൽ പിന്നീട് സാമ്പിളുകൾ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞത്.

വിമാനത്താവളത്തിലെ കാനഡ നിർമ്മിത മെഷീന് ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളെ കൃത്യമായി തിരിച്ചറിയാൻ ശേഷിയില്ലാത്തതാണ് പിഴവിന് കാരണമായതെന്ന് ജയിൽമോചിതനായ ശേഷം അജയ് സിങ് കോടതിയെ ബോധിപ്പിച്ചു. 750 ഗ്രാം ആംചൂർ പൊടിയിൽ 14 ശതമാനം ഹെറോയിനും, ഗരം മസാലയിൽ 10 ശതമാനം എംഡിഇഎയും ഉണ്ടെന്നായിരുന്നു മെഷീൻ റിപ്പോർട്ട്. പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും, കൃത്യമായ പരിശോധനാ സംവിധാനങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. അജയ് സിങ് അനുഭവിച്ച മാനസിക പ്രയാസങ്ങൾ കണക്കിലെടുത്താണ് കോടതി ഇപ്പോൾ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.

Also read: