12/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചു’; ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് സ്വന്തം പെരുമാറ്റം; സിപിഐഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

 ‘പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചു’; ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് സ്വന്തം പെരുമാറ്റം; സിപിഐഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനും ജനപ്രതിനിധികൾക്കുമെതിരെ കടുത്ത വിമർശനം. ആറന്മുള മണ്ഡലത്തിൽ വീണ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ മോശം പെരുമാറ്റമാണെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാൻ മന്ത്രി കൂടിയായ വീണ ജോർജ് തയ്യാറായിരുന്നില്ലെന്നും, ഔദ്യോഗിക കാലയളവിലുടനീളം അനാവശ്യ വിവാദങ്ങളിൽ അവർ സ്വയം പോയി തലവെയ്ക്കുകയായിരുന്നുവെന്നും വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗത്തിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തുറന്നുപറച്ചിലുകൾ ഉണ്ടായത്.

സംസ്ഥാന നേതൃത്വത്തിന്റെ ‘ഈഗോ’ രാഷ്ട്രീയമാണ് പാർട്ടിയെ തകർത്തതെന്ന ഗുരുതരമായ ആരോപണവും പത്തനംതിട്ടയിൽ ഉയർന്നു കേട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നുവെന്നും, എന്നാൽ വ്യക്തിപരമായ ഈഗോയുടെ പേരിൽ കെ.കെ. ശൈലജ ടീച്ചറെ അവിടെ കുരുതി കൊടുക്കുകയാണുണ്ടായതെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നതായാണ് വിവരം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പ്രസ്ഥാനത്തെയല്ല, മറിച്ച് സ്വന്തം ഭാര്യയെ മാത്രമാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾ ആഞ്ഞടിച്ചു. ഇതിനുപുറമെ, പിണറായി വിജയനെ നിയമസഭയിൽ പ്രതിപക്ഷ നേതാവാക്കാനുള്ള പാർട്ടി തീരുമാനം ഉടനടി റദ്ദാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, സി.എസ്. സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രതികരണങ്ങൾ.

പത്തനംതിട്ടയ്ക്ക് പുറമെ സിപിഐഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമായിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ധാർഷ്ട്യം നിറഞ്ഞ ശൈലി ജനങ്ങൾക്ക് ഒട്ടും ദഹിച്ചില്ലെന്നാണ് കണ്ണൂരിലെ വിലയിരുത്തൽ. വിവാദങ്ങളുണ്ടായപ്പോൾ മുഖ്യമന്ത്രി നടത്തിയ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശം ജനങ്ങൾക്കിടയിൽ വലിയ തെറ്റായ സന്ദേശമാണ് നൽകിയത്. തങ്ങൾ മാറാൻ തയ്യാറല്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു ആ പ്രതികരണം. മാധ്യമങ്ങളുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ചിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പമെന്ന് സെക്രട്ടറിയേറ്റിൽ ചോദ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വത്തിനുണ്ടായ അമിത ആത്മവിശ്വാസവും വി. കുഞ്ഞികൃഷ്ണനെപ്പോലുള്ള നേതാക്കളെ ചെറുതായി കണ്ടതും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയ്ക്ക് കാരണമായി. താഴേത്തട്ടിലുണ്ടായ ശക്തമായ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ പാർട്ടി നേതൃത്വത്തിന് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും യോഗം വിലയിരുത്തി.

Also read: