12/06/2026
[fontresizer_tawhidurrahmandear_widget]

എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാൻ 34 ചോദ്യങ്ങളുമായി സിപിഎം; നേതൃത്വത്തിന്റെ വീഴ്ചയേക്കുറിച്ച് ചോദ്യമില്ല

 എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാൻ 34 ചോദ്യങ്ങളുമായി സിപിഎം; നേതൃത്വത്തിന്റെ വീഴ്ചയേക്കുറിച്ച് ചോദ്യമില്ല

തിരുവനന്തപുരം: ലോക്‌സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായി സിപിഎം സംസ്ഥാന നേതൃത്വം. താഴെത്തട്ടിലുള്ള അണികളിൽ നിന്ന് പരാജയകാരണം നേരിട്ട് ചോദിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഘടകങ്ങളിൽ നിന്നായി അഭിപ്രായം സ്വരൂപിക്കാൻ പാർട്ടി ഈ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യാവലി സംസ്ഥാന നേതൃത്വത്തിൽ നിന്ന് എല്ലാ ജില്ലാക്കമ്മിറ്റികൾക്കും അവിടെനിന്ന് താഴെയുള്ള കീഴ്‌ഘടകങ്ങളിലേക്കും ചർച്ചയ്ക്കായി നൽകും. എന്നാൽ പാർട്ടി നേതൃത്വത്തിന്റേയോ ഭരണതലത്തിലോ ഉണ്ടായ വീഴ്ചകളെക്കുറിച്ച് ഒരു ചോദ്യം പോലും ഈ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

പകരം, ജനങ്ങൾക്ക് കൃത്യമായി ക്ഷേമപെൻഷൻ നൽകിയിട്ടും തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നും, വിവിധ സാമൂഹിക വിഭാഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായിരുന്നോ എന്നുമൊക്കെയുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതിസന്ധി മറികടക്കാൻ സിപിഎം പുതിയ ചോദ്യാവലിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലാക്കമ്മിറ്റികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ പോരായ്മകളെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചുകൊണ്ട് താഴെത്തട്ടിലേക്ക് ചോദ്യാവലി നൽകിയിരിക്കുന്നത്.

Also read: