ട്രംപ് മാനസികമായി ഓകെയാണോ എന്ന് ഡെമോക്രാറ്റ് അംഗം, ജോ ബൈഡനോട് ഇതെ ചോദ്യം ഉന്നയിച്ചിരുന്നോ എന്ന് ഹെഗ്സെത്ത്; യുഎസ് കോൺഗ്രസിൽ വാക്കേറ്റം
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച തർക്കം യുഎസ് കോൺഗ്രസിൽ നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. ട്രംപിന്റെ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളെയും പെരുമാറ്റത്തെയും കുറിച്ച് നടന്ന ഹിയറിംഗിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഡെമോക്രാറ്റ് അംഗം സാറ ജേക്കബ്‌സും തമ്മിലാണ് രൂക്ഷമായ വാഗ്വാദം നടന്നത്.
ലോകനാഗരികതയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ ട്രംപ് നടത്തുന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാറ ജേക്കബ്‌സ് ചോദ്യങ്ങൾ ഉന്നയിച്ചത്. സൈന്യത്തിന്റെ പരമോന്നത തലവനാകാൻ ട്രംപ് മാനസികമായി പ്രാപ്‌തനാണോ എന്ന് അവർ ചോദിച്ചു. “ട്രംപ് മാനസികമായി ആരോഗ്യവാനാണോ?” എന്ന സാറയുടെ നേരിട്ടുള്ള ചോദ്യത്തിന്, മുൻ പ്രസിഡന്റ് ജോ ബൈഡനെ ആയുധമാക്കിയാണ് ഹെഗ്സെത്ത് പ്രതിരോധിച്ചത്.
“കഴിഞ്ഞ നാല് വർഷം ജോ ബൈഡനോട് നിങ്ങൾ ഇതേ ചോദ്യം ചോദിച്ചിരുന്നോ?” എന്നായിരുന്നു ഹെഗ്സെത്തിന്റെ മറുചോദ്യം. എന്നാൽ ബൈഡൻ ഇപ്പോൾ പ്രസിഡന്റല്ലെന്നും ട്രംപ് അധികാരമേറ്റിട്ട് ഒന്നര വർഷമായെന്നും സാറ തിരിച്ചടിച്ചു. ചോദ്യങ്ങളിൽ പ്രകോപിതനായ ഹെഗ്സെത്ത്, തന്റെ കമാൻഡർ-ഇൻ-ചീഫിനെ അധിക്ഷേപിക്കുന്ന ചർച്ചകളിൽ പങ്കാളിയാകാൻ താല്പര്യമില്ലെന്ന് പറഞ്ഞ് സംവാദം അവസാനിപ്പിച്ചു. ട്രംപ് സൈനികർക്ക് മുൻഗണന നൽകുന്ന മികച്ച ഭരണാധികാരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2026-ൽ ട്രംപിന്റെ രണ്ടാം ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രായവും പെരുമാറ്റവും വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോൺഗ്രസിലെ ഈ പുതിയ തർക്കം ശ്രദ്ധേയമാകുന്നത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.