01/05/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ​തിരെ വീണ്ടും യുദ്ധം? 24 മണിക്കൂറിൽ 6500 ടൺ ആയുധങ്ങൾ ഇസ്രായേലിലെത്തിച്ച് യുഎസ്

 ഇറാനെ​തിരെ വീണ്ടും യുദ്ധം? 24 മണിക്കൂറിൽ 6500 ടൺ ആയുധങ്ങൾ ഇസ്രായേലിലെത്തിച്ച് യുഎസ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വെറും 24 മണിക്കൂറിനുള്ളിൽ 6500 ടണ്ണിലധികം യുദ്ധസാമഗ്രികൾ യുഎസ് ഇസ്രായേലിലേക്ക് എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രീഫ് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ യുദ്ധത്തിന് പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്.

ഏകദേശം 65 ലക്ഷം കിലോ വരുന്ന വ്യോമ-കര യുദ്ധോപകരണങ്ങൾ, സൈനിക ട്രക്കുകൾ, ടാക്ടിക്കൽ വാഹനങ്ങൾ എന്നിവയുമായി രണ്ട് ചരക്കുകപ്പലുകളും നിരവധി വിമാനങ്ങളുമാണ് ഇസ്രായേലിൽ എത്തിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റും ടൈംസ് ഓഫ് ഇസ്രായേലുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 1,15,600 ടൺ സൈനിക ഉപകരണങ്ങൾ അമേരിക്ക ഇസ്രായേലിന് കൈമാറിക്കഴിഞ്ഞു. ഇതിനായി 403 വിമാനങ്ങളും 10 ചരക്കുകപ്പലുകളുമാണ് ഉപയോഗിച്ചത്.

ഇറാനെതിരായ അടുത്ത ഘട്ട സൈനിക നടപടികൾക്കായി യുഎസ് സെൻട്രൽ കമാൻഡ് പുതിയ രൂപരേഖ തയ്യാറാക്കിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ആണവ വിഷയത്തിൽ ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഹുർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനും പദ്ധതിയുണ്ട്. എന്നാൽ ഇതിനായി അമേരിക്ക നേരിട്ട് കരയുദ്ധത്തിന് ഇറങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്ന ലക്ഷ്യവും അമേരിക്കൻ സൈന്യത്തിനുണ്ട്. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ഇപ്പോൾ അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്.

Also read: