20/07/2026
[fontresizer_tawhidurrahmandear_widget]

യുഎസ് തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടലെന്ന് ട്രംപ്; 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം

 യുഎസ് തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടലെന്ന് ട്രംപ്; 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം

വാഷിംഗ്‌ടൺ: 2020-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന വൻതോതിൽ വിവരങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ ലംഘനത്തിലൂടെ (Data breach) ചൈന നിയമവിരുദ്ധമായി 22 കോടിയോളം അമേരിക്കൻ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയെന്നാണ് ട്രംപിന്റെ വാദം. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ ജോ ബൈഡനോട് പരാജയപ്പെടാൻ ഇടയായത് ചൈനയുടെ ഈ ഇടപെടൽ കാരണമാണെന്നും വൈറ്റ് ഹൗസിൽ നടത്തിയ പ്രത്യേക ടെലിവിഷൻ പ്രസംഗത്തിൽ ട്രംപ് ആരോപിച്ചു.

അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ വ്യക്തമാക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള രഹസ്യാന്വേഷണ വിവരങ്ങൾ താൻ ഉടൻ തന്നെ പരസ്യപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നിലവിലെ അമേരിക്കൻ വോട്ടിങ് സംവിധാനം അഴിമതിക്കും ഹാക്കിങ്ങിനും ഏറെ സാധ്യതയുള്ളതാണെന്നും, വോട്ടിങ് രീതികളിൽ അടിയന്തരമായി മാറ്റം വരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ഇത്തരത്തിൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വോട്ട് ചെയ്യുന്നവരുടെ പൗരത്വ തെളിവുകൾ നിർബന്ധമാക്കുന്ന ‘സേവ് ആക്ട്’ അടിയന്തരമായി നിയമമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ഡൊണാൾഡ് ട്രംപിന്റെ ഈ ഗുരുതരമായ ആരോപണങ്ങളെ ചൈന പൂർണ്ണമായി നിഷേധിച്ചു. തങ്ങൾ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും, അമേരിക്കൻ തിരഞ്ഞെടുപ്പ് എന്നത് പൂർണ്ണമായും അവിടുത്തെ ജനങ്ങളുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് കാണിച്ച് ട്രംപ് നൽകിയ അറുപതോളം കേസുകളിൽ ഒന്നിൽ പോലും അനുകൂലമായ വിധി നേടാൻ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നും ചൈന ചൂണ്ടിക്കാട്ടി. കൂടാതെ, വോട്ടെണ്ണലുകളിലോ ഓഡിറ്റുകളിലോ അന്ന് ട്രംപിന്റെ സ്വന്തം നീതിന്യായ വകുപ്പ് നടത്തിയ പരിശോധനകളിൽ പോലും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് വക്താവ് ഓർമ്മിപ്പിച്ചു.

Also read: