‘കാണാൻ സൗഹൃദപരമല്ലെങ്കിലും, നല്ല സുഹൃത്തുക്കൾ’; കിമ്മിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരുടെയും മുഖഭാവം സൗഹൃദപരമല്ലെന്ന് തോന്നാമെങ്കിലും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
“ഈ പ്രത്യേക ചിത്രത്തിൽ ഞങ്ങളുടെ മുഖഭാവം സൗഹൃദപരമല്ലെങ്കിലും, ഞങ്ങൾ പുഞ്ചിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ മികച്ച ബന്ധമാണുള്ളത്,” എന്ന് ട്രംപ് കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ആണവ വിഷയങ്ങളിൽ കടുത്ത ഭിന്നത നിലനിൽക്കുമ്പോഴും കിമ്മുമായുള്ള വ്യക്തിബന്ധം നയതന്ത്രത്തിന് സഹായകമാകുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന ‘ഉൾചി ഫ്രീഡം ഷീൽഡ്’ സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കാനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ്. ഡ്രോൺ, സൈബർ ആക്രമണങ്ങളും ജിപിഎസ് തടസപ്പെടുത്തലുകളും നേരിടാനുള്ള പരിശീലനങ്ങൾ ഈ അഭ്യാസത്തിന്റെ ഭാഗമാണ്.
2018 ജൂണിൽ സിംഗപ്പൂരിലെ കാപെല്ല ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് ട്രംപും കിമ്മും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടികൾക്ക് തുടക്കമായത്. അധികാരത്തിലിരിക്കുന്ന ഒരു യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കൊറിയൻ ഉപദ്വീപിന്റെ ആണവ നിരായുധീകരണം ചർച്ചയായെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. ട്രംപിന്റെ പുതിയ കുറിപ്പ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്.