03/09/2026
[fontresizer_tawhidurrahmandear_widget]

‘താങ്കൾ അമേരിക്കൻ പ്രസിഡന്റാണ്, ഭ്രാന്തനായ രാജാവല്ല, വേണ്ടത് പേരുമാറ്റമല്ല, വിലക്കയറ്റത്തിന് ആശ്വാസമാണ്’; ട്രംപിനെതിരെ സെനറ്റര്‍ ബെർണി സാന്‍ഡേഴ്സ്

 ‘താങ്കൾ അമേരിക്കൻ പ്രസിഡന്റാണ്, ഭ്രാന്തനായ രാജാവല്ല, വേണ്ടത് പേരുമാറ്റമല്ല, വിലക്കയറ്റത്തിന് ആശ്വാസമാണ്’; ട്രംപിനെതിരെ സെനറ്റര്‍ ബെർണി സാന്‍ഡേഴ്സ്

ന്യൂയോർക്ക്: ഹോർമൂസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്.

ട്രംപ് ഒരു ഭ്രാന്തൻ രാജാവിനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച്, ഇറാനിലെ നിയമവിരുദ്ധമായ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ബെർണി സാൻഡേഴ്സ് ആവശ്യപ്പെട്ടു. യുദ്ധം കാരണം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണെന്നും ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അമേരിക്കൻ ജനതയ്ക്ക് ആവശ്യമുള്ളത് ഹോർമൂസ് കടലിടുക്കിന് ട്രംപിന്റെ പേരിടലല്ല, മറിച്ച് സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കുകയാണ്. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ അമേരിക്കയിൽ ഡീസൽ വില $5.69 ആയും പെട്രോൾ വില $4.12 ആയും ഉയർന്നു. താങ്കൾ രാജ്യത്തിന്റെ പ്രസിഡന്റാണ്, ഭ്രാന്തനായ ഒരു രാജാവല്ല”-ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ കുറിപ്പിന് മറുപടിയായി സാൻഡേഴ്സ് കുറിച്ചത് ഇങ്ങനെയായിരുന്നു.

ഹോർമൂസ് കടലിടുക്ക് ഇപ്പോൾ യുഎസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അതിനാൽ ഇതിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ തയ്യാറാണെന്നും എന്നാൽ സൈനിക നടപടി കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ധാരണാപത്രം കാലഹരണപ്പെട്ടതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.

Also read: