‘സംഭവിച്ചതൊന്നും നിങ്ങളുടെ തെറ്റല്ല; യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും’: ഇറാൻ പ്രസിഡന്റിനോട് പുടിൻ
തെഹ്റാൻ: യുഎസിന്റെ നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തുർക്ക്മെനിസ്താനിൽ നടന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപൻഡൻസ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് യുഎസ്-ഇസ്രയേൽ സേന ഇറാനെതിരായ ആക്രമണം ആരംഭിച്ചതെന്നും, സംഘർഷം ഒഴിവാക്കാൻ ഇറാൻ നിരന്തരം ശ്രമിച്ചുവെന്നത് തനിക്കറിയാമെന്നും പുടിൻ പറഞ്ഞു. “സംഭവിച്ചതൊന്നും നിങ്ങളുടെ തെറ്റല്ല. സമാധാനശ്രമങ്ങൾക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചാൽ പിന്നെയെങ്ങനെ അത് നിങ്ങളുടെ തെറ്റാകും?” എന്ന് പുടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനും ഇറാനെ സഹായിക്കാനും റഷ്യയുടെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾക്ക് തങ്ങൾ തയ്യാറാണെന്ന് ബുധനാഴ്ച നടന്ന ഫോൺ കോളിലും പുടിൻ പെസെഷ്കിയാനെ അറിയിച്ചിരുന്നു. ഇതിനിടെ, സമാധാനശ്രമങ്ങൾ ഇറാൻ പലതവണ മധ്യസ്ഥരാജ്യങ്ങൾ മുഖേന അമേരിക്കയ്ക്ക് മുൻപിലെത്തിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ആക്രമണം നടത്തുകയില്ലെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും, നിലവിലെ സാഹചര്യം പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.