21/04/2026
[fontresizer_tawhidurrahmandear_widget]

ലബനാനിൽ ക്രിസ്‌തുവിൻ്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ; നടപടിയെടുക്കുമെന്ന് ഐഡിഎഫ്

 ലബനാനിൽ ക്രിസ്‌തുവിൻ്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ; നടപടിയെടുക്കുമെന്ന് ഐഡിഎഫ്

തെൽ അവീവ്: തെക്കൻ ലബനാനിൽ ഇസ്രയേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത് തങ്ങളുടെ സൈനികൻ തന്നെയാണെന്ന് ഐഡിഎഫ് സമ്മതിച്ചു. സംഭവത്തിൽ കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ലബനാനിലെ സൈനിക നീക്കത്തിനിടെ ഇസ്രയേൽ സൈനികൻ ക്രിസ്തുരൂപം തകർക്കുന്ന ചിത്രം പുറത്തുവന്നത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞിരുന്ന സൈന്യം, പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സൈനികന്റെ പങ്ക് സ്ഥിരീകരിച്ചത്.

“പ്രാഥമിക പരിശോധനയിൽ ലബനാനിൽ ഡ്യൂട്ടിയിലുള്ള ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സൈനികന്റെ പെരുമാറ്റം ഐഡിഎഫിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്,” എന്ന് പ്രസ്താവനയിൽ പറയുന്നു.

നിലവിൽ നോർത്തേൺ കമാൻഡ് ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റവാളികൾക്കെതിരെ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. കൂടാതെ, തകർന്ന പ്രതിമ അതിന്റെ സ്ഥാനത്ത് തന്നെ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇസ്രയേൽ അറിയിച്ചു.

തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും, മതപരമായ കെട്ടിടങ്ങളോ ചിഹ്നങ്ങളോ തകർക്കാൻ തങ്ങൾക്ക് ഉദേശ്യമില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സൈന്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് തിടുക്കത്തിലുള്ള ഈ വിശദീകരണവും തിരുത്തൽ നടപടിയും.

Also read: