02/06/2026
[fontresizer_tawhidurrahmandear_widget]

ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Israel secret base in Iraq

 ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Israel secret base in Iraq

ബഗ്ദാദ്: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കു തൊട്ടുമുൻപ് ഇറാഖിന്റെ അതിർത്തിക്കുള്ളിൽ ഇസ്രയേൽ നടത്തിയ അതീവ രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു ഞെട്ടുകയാണിപ്പോൾ ലോകം(Israel secret base in Iraq). രക്തമുറയുന്ന ഒരു കൊലപാതകത്തിലൂടെയാണ് ആ ഗൂഢനീക്കത്തിൻരെ ചുരുളുകൾ അഴിയുന്നത്. ഇറാഖിന്റെ പരമാധികാരത്തെ പൂർണമായും കാറ്റിൽപ്പറത്തി, ഇറാന്റെ അതിർത്തിയോട് ചേർന്ന് ഇസ്രയേൽ പ്രതിരോധ സേന പണിതുയർത്തിയ രണ്ട് അതീവ രഹസ്യ യുദ്ധത്താവളങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ന്യൂയോർക്ക് ടൈംസ്’ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തദ്ദേശീയനായൊരു സാധാരണ ആട്ടിടയൻ സ്വന്തം ജീവൻ ബലിനൽകി നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ആ രഹസ്യം പുറംലോകം അറിയുന്നത്.

ദുരൂഹതയിലേക്കുള്ള അവസാന യാത്ര
പടിഞ്ഞാറൻ ഇറാഖിലെ കഠിനമായ മരുഭൂമിയിൽ ആട് മേയ്ക്കലായിരുന്നു 29-കാരനായ അവാദ് അൽ-ഷമ്മരിയുടെ ജോലി. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവാദ് തന്റെ പിക്ക് അപ്പ് ട്രക്കുമായി അടുത്തുള്ള അൽ-നുഖൈബ് നഗരത്തിലേക്ക് വീട്ടുസാധനങ്ങൾ വാങ്ങാനായി പുറപ്പെട്ടത്. എന്നാൽ, മരുഭൂമിയുടെ നടുവിൽ ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ് അവനെ കാത്തിരുന്നത്.

അങ്ങകലെയായി അസാധാരണമായി എന്തൊക്കെയോ ആളനക്കം കാണുന്നു. പിന്നാലെ ആകാശത്ത് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. സംശയം തോന്നി ആ മേഖലയിലേക്കു തന്നെ വണ്ടിയോടിച്ചു. ഒരു സൈനിക താവളം പോലൊരു ക്യാംപ് ആയിരുന്നു അത്. അവിടെ നിറയെ സൈനികരെയും ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളുമെല്ലാം കാണുന്നുണ്ട്. ദുരൂഹത തോന്നി അവാദ് ഉടൻ തന്നെ ഇറാഖി അധികൃതരെ വിവരമറിയിച്ചു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയ അവാദ്, മരുഭൂമിയിലെ മണൽക്കുന്നുകൾക്കിടയിൽ ഇസ്രയേൽ ഒളിപ്പിച്ചുവെച്ചിരുന്ന ഏറ്റവും വലിയ സൈനിക രഹസ്യത്തിന് മുന്നിലാണ് അബദ്ധത്തിൽ ചെന്നുപെട്ടത്. ആ അറിവ് അവന്റെ ജീവനുമെടുത്തു. അവാദിന്റെ വാഹനത്തിനുനേരെ ഹെലികോപ്ടർ പറന്നെത്തി. ട്രക്ക് ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിച്ചു. നിമിഷനേരം കൊണ്ട് ട്രക്ക് തീഗോളമാകുന്നതാണു കാണുന്നത്.

ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Iraq Secret Israeli Military Base Discovered: Murdered Shepherd Awad Al-Shammari's Story Exposed

കുടുംബം കണ്ട് ഞെട്ടിയ ആ കാഴ്ച
അവാദിനെ കാണാതായതോടെ രണ്ട് ദിവസത്തോളം കുടുംബം മരുഭൂമിയിലാകെ തിരച്ചിൽ നടത്തി. ഒടുവിൽ ഹെലികോപ്റ്ററിൽ നടന്ന ആക്രമണത്തിന് അകലെനിന്നു സാക്ഷ്യം വഹിച്ച മരുഭൂമിയിലെ ബെദൂയിൻ നിവാസികളാണ് ആ ക്രൂരമായ സത്യം അവരോട് വെളിപ്പെടുത്തുന്നത്. ട്രക്കിന് സമാനമായ ഒരു വാഹനം മരുഭൂമിയിൽ കത്തിയമർന്നു കിടപ്പുണ്ടെന്നും എന്നാൽ ഭയം കാരണം ആരും അങ്ങോട്ട് പോയില്ലെന്നുമാണ് പ്രദേശവാസികൾ തങ്ങളോട് പറഞ്ഞതെന്നും അവാദിന്റെ ബന്ധു അമീർ വെളിപ്പെടുത്തി.

കുടുംബം അവിടെയെത്തിയപ്പോൾ കണ്ടത് പൂർണമായും കത്തിയമർന്ന ട്രക്കും അതിനകത്ത് കത്തിക്കരിഞ്ഞ നിലയിലുള്ള അവാദിന്റെ മൃതദേഹവുമായിരുന്നു. തലയും വിരലുകളും കരിഞ്ഞ്, രക്തം കട്ടപിടിച്ചു കിടക്കുന്ന ആ ശരീരത്തിന്റെ ചിത്രങ്ങൾ കുടുംബം പങ്കുവെച്ചിട്ടുണ്ട്. അതിനടുത്തായി ലളിതമായൊരു ഖബറിടവുമൊരുക്കി അവാദിനെ അതിൽ അടക്കം ചെയ്ത് കണ്ണീരോടെ മടങ്ങുകയായിരുന്നു ആ കുടുംബം.

അവസാനത്തെ ആ ഫോൺ കോൾ
മരുഭൂമിയിലെ സൈനികനീക്കം കണ്ടതിനു പിന്നാലെ അവാദ് അൽ-ഷമ്മരി ഇറാഖിന്റെ പ്രാദേശിക സൈനിക കമാൻഡുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മരുഭൂമിയിലെ ഒരു താൽക്കാലിക ലാൻഡിങ് സ്ട്രിപ്പിന് ചുറ്റും സൈനികരും ഹെലികോപ്റ്ററുകളും കൂടാരങ്ങളും തമ്പടിച്ചിരിക്കുന്നത് കണ്ട വിവരമാണ് അവൻ കൈമാറിയത്. ശത്രുരാജ്യമായ ഇസ്രയേൽ ഇറാഖി മണ്ണിൽ താവളമടിച്ച് ഇറാനെതിരെ ആക്രമണം നടത്തുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ സന്ദേശം. അവാദിന്റെ ബന്ധും അമീറും ഇറാഖ് സൈന്യത്തിന്റെ ഭാഗമായ കർബല ഓപറേഷൻസ് കമാൻഡ് വക്താവ് മേജർ ജനറൽ ഫഹിം അൽ-ഗുരൈതിയും ഈ ഫോൺ കോൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വിവരമറിയിച്ചതിന് തൊട്ടുപിന്നാലെ സൈന്യത്തിനും കുടുംബത്തിനും അവാദിൽനിന്നുള്ള കോണ്ടാക്ട് പൂർണമായും നഷ്ടപ്പെടുകയായിരുന്നു.

ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Iraq Secret Israeli Military Base Discovered: Murdered Shepherd Awad Al-Shammari's Story Exposed

ആട്ടിടയനായ അവാദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തൊട്ടടുത്ത ദിവസം ഇറാഖിന്റെ പ്രാദേശിക കമാൻഡ് ആ പ്രദേശത്തേക്ക് ഒരു രഹസ്യ നിരീക്ഷണ സംഘത്തെ അയച്ചു. എന്നാൽ ഇറാഖി യൂണിറ്റുകൾ ആ താവളത്തിന് അടുത്തെത്തിയതോടെ അവർക്ക് നേരെ അതിശക്തമായ വെടിവെപ്പുണ്ടായി. ഇറാഖിന്റെ ജോയിന്റ് ഓപറേഷൻസ് കമാൻഡ് പിന്നീട് പുറത്തുവിട്ട പ്രസ്താവന പ്രകാരം, ആക്രമണത്തിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ രണ്ട് സൈനിക വാഹനങ്ങൾ ബോംബിട്ട് തകർക്കപ്പെട്ടു. ഇതോടെ ഇറാഖി സൈന്യം അവിടെനിന്ന് പിന്മാറാൻ നിർബന്ധിതരായി. ബാഗ്ദാദിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ സ്വന്തം മണ്ണിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലുമാകാത്ത വിധം കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

ഇറാനെ വളയാൻ ഇസ്രയേൽ പണിത രഹസ്യകേന്ദ്രങ്ങൾ
അവാദ് അൽ-ഷമ്മരിയുടെ ഈ ദാരുണമായ അന്ത്യമാണ് ഇറാഖിന്റെ മണ്ണിൽ ഒരു വർഷത്തിലേറെയായി ഇസ്രയേൽ അതീവ രഹസ്യമായി പ്രവർത്തിപ്പിച്ചിരുന്ന രണ്ട് സൈനിക താവളങ്ങളുടെ കഥ പുറത്തുക്കൊണ്ടുവന്നത്. പടിഞ്ഞാറൻ മരുഭൂമിയിലായിരുന്നു ഒരു താവളം ഉണ്ടായിരുന്നത്. മറ്റൊന്ന് കുർദ് മേഖലയായ വടക്കൻ ഇറാഖിലും. 2024ൽ തന്നെ ഇതിന്റെ നിർമാണം നടന്നിട്ടുണ്ടെന്നും 2025 ജൂൺ മാസത്തോടെ ഇതേക്കുറിച്ചുള്ള വിവരം അമേരിക്കയ്ക്ക് ഔദ്യോഗികമായി തന്നെ ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അവാദ് കൊല്ലപ്പെട്ട അൽ-നുഖൈബിന് സമീപമുള്ള ഈ കേന്ദ്രം ഇറാന്റെ ഉള്ളിലേക്ക് ഡ്രോണുകളും മിസൈലുകളും അയക്കാനും ലോജിസ്റ്റിക് പിന്തുണ നൽകാനുമാണ് ഇസ്രയേൽ ഉപയോഗിച്ചത്. യുദ്ധവിമാനങ്ങൾ റീഫ്യൂവൽ ചെയ്യാനും പരിക്കേറ്റ സൈനികരെ പരിചരിക്കാനും താവളം ഉപയോഗിച്ചിരുന്നതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടിൽ പറയുന്നു. വിവരം പുറത്തറഞ്ഞതിനു പിന്നാലെ ഈ താവളത്തിൽനിന്ന് ഇസ്രയേൽ സൈന്യം രക്ഷപ്പെട്ടതായാണു വിവരം.

വടക്കൻ ഇറാഖിലെ കുർദ് മലനിരകളിലാണു രണ്ടാമത്തെ രണ്ടാമത്തെ താവളം പണിതിരിക്കുന്നത്. ഇവിടെ ഇറാന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനുള്ള അത്യാധുനിക റഡാറുകളാണ് ഇസ്രയേൽ സ്ഥാപിച്ചിരുന്നതെന്നാണു വിവരം. ഈ താവളത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നതിനെ കുറിച്ച് വ്യക്തതയില്ല.

ഇറാഖിലെ ഈ രണ്ട് രഹസ്യ താവളങ്ങളാണ് ഇറാന്റെ പ്രതിരോധ കവചങ്ങളെ മറികടക്കാൻ ഇസ്രയേലിനെ കൂടുതൽ സഹായിച്ചത്. ഇറാനിൽനിന്ന് ഇസ്രയേലിലേക്ക് വന്ന മിസൈലുകളെ പാതിവഴിയിൽ വെടിവെച്ചിടാനും ഈ താവളങ്ങളിലെ റഡാറുകൾക്ക് സാധിച്ചു. എന്നാൽ, രഹസ്യനീക്കം പുറത്തായതോടെ ഇറാൻ തങ്ങളുടെ സൈനികവ്യൂഹത്തെ ഇറാഖ് അതിർത്തിയിലേക്ക് കേന്ദ്രീകരിച്ചിരുന്നു. അതിനിടെ, രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുകയും തങ്ങളുടെ ഒരു പൗരനെയും സൈനികനെയും കൊലപ്പെടുത്തുകയും ചെയ്ത ഇസ്രയേലിന്റെ കടുത്ത കടന്നുകയറ്റത്തിനെതിരെ ഇറാഖ് സർക്കാർ ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്.

Also read: