20/07/2026
[fontresizer_tawhidurrahmandear_widget]

ഇറാഖില്‍ മാത്രം ഖാംനഇയുടെ വിലാപയാത്രയില്‍ പങ്കെടുത്തത് ഒരു കോടി പേർ!

 ഇറാഖില്‍ മാത്രം ഖാംനഇയുടെ വിലാപയാത്രയില്‍ പങ്കെടുത്തത് ഒരു കോടി  പേർ!

ബഗ്ദാദ്: കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയുടെ ഇറാഖിലെ വിലാപയാത്രയിൽ പങ്കെടുത്തത് ഒരു കോടിയിലധികം ആളുകൾ. ഇറാഖിലെ പുണ്യനഗരങ്ങളായ നജഫിലും കർബലയിലുമായി നടന്ന വിലാപയാത്ര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായി മാറി. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിട്ടും വലിയ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ചടങ്ങുകൾ അവസാനിച്ചതെന്ന് വിലാപയാത്രയുടെ മേൽനോട്ടച്ചുമതലയുള്ള ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഇഹ്‌സാൻ യാസിൻ അൽഅവാദി അറിയിച്ചു. സർക്കാരിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും കൃത്യമായ ഇടപെടലുകളാണ് ഈ വിലാപയാത്രയെ ഒരു വൻ വിജയമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർബലയിൽ മാത്രം അറുപത് ലക്ഷത്തോളം പേർ വിലാപയാത്രയുടെ ഭാഗമായെന്ന് നഗരത്തിലെ ഇറാൻ കോൺസൽ ജനറൽ ജാഫർ സഫാരി വ്യക്തമാക്കി. എന്നാൽ ഇത് എഴുപത് ലക്ഷത്തോളം വരുമെന്നാണ് പ്രാദേശിക ഭരണകൂടങ്ങളെ ഉദ്ധരിച്ച് അൽ മയാദീൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. വൻ ജനത്തിരക്ക് കാരണം പ്രതീക്ഷിച്ചതിലും ഇരട്ടി സമയമെടുത്താണ് വിലാപയാത്ര പൂർത്തിയായത്. ഉച്ചതിരിഞ്ഞ് 4 മണിക്ക് കർബലയിൽ എത്തേണ്ടിയിരുന്ന യാത്രാസംഘം, 13 മണിക്കൂറോളം നീണ്ടുനിന്ന് പുലർച്ചെ 1 മണിയോടെയാണ് നഗരത്തിലെത്തിയത്. കടുത്ത ചൂടും അഭൂതപൂർവമായ ജനത്തിരക്കും ഉണ്ടായിരുന്നിട്ടും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് ചെറിയ പരിക്കുകൾ മാത്രമേ ഏറ്റിട്ടുള്ളൂ. നജഫിലെ ഇമാം അലി പള്ളിയിൽ നിന്നാരംഭിച്ച് കുഫ പാലം വഴിയാണ് വിലാപയാത്ര കർബലയിലെത്തിയത്.

ഇറാഖിലെ ഈ വമ്പൻ ജനമുന്നേറ്റം ഖാംനഇയോടുള്ള ആദരവ് മാത്രമല്ലെന്നും, അദ്ദേഹത്തിന്റെ മരണത്തിന് പകരം ചോദിക്കാനുള്ള ജനങ്ങളുടെ ആഹ്വാനമാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. മുൻ ഇറാഖ് പ്രധാനമന്ത്രി നൂറി അൽ മാലികി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മശ്ഹദിലെ ഇമാം റെസ പള്ളിയിലാണ് ഖാംനഇയുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച 40 ദിവസത്തെ യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28നാണ് അലി ഖാംനഇയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.

Also read: