ഇറാൻ മിസൈൽ പതിച്ച് ഇസ്രയേലിന്റെ ‘രാമത് ഡേവിഡ്’ വ്യോമതാവളത്തിൽ കനത്ത നാശം; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും പ്രധാന താവളങ്ങളിലൊന്നായ ‘രാമത് ഡേവിഡ്’ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായി സ്ഥിരീകരണം. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്പൂർണമായി ഭേദിച്ചാണ് ഇറാന്റെ മിസൈലുകൾ വ്യോമതാവളത്തിലെ പ്രധാന ഹാങ്കറും ഇന്ധന-ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും തകർത്തതായാണു പുറത്തുവരുന്ന വിവരം.
ആഗോള ഉപഗ്രഹ നിരീക്ഷണ കമ്പനിയായ ‘സോർ’ പുറത്തുവിട്ട ഏറ്റവും പുതിയ ഹൈ-റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങളും, യൂറോപ്യൻ കമ്മീഷന്റെ ‘സെന്റിനൽ-2’ ഉപഗ്രഹ വിവരങ്ങളും വിശകലനം ചെയ്തുകൊണ്ട് ‘ജെറുസലേം പോസ്റ്റ്’, ‘ടൈംസ് ഓഫ് ഇസ്രയേൽ’, ‘ഐ24 ന്യൂസ്’ തുടങ്ങിയ ഇസ്രയേൽ മാധ്യമങ്ങളാണു വിവരങ്ങൾ പുറത്തുവിട്ടത്. കർശനമായ സൈനിക സെൻസർഷിപ്പിനിടിയിലാണ് വാർത്ത ഇസ്രയേൽ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.
യൂറോപ്യൻ ഉപഗ്രഹം പുറത്തുവിട്ട തെളിവുകൾ
കഴിഞ്ഞ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഇസ്രയേലിന് നേരെ വ്യാപകമായ ആക്രമണം നടത്തിയത്. ഇറാനിൽനിന്നു വിക്ഷേപിച്ച 24 അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇറാന്റെ എല്ലാ മിസൈലുകളും തങ്ങൾ വിജയകരമായി ആകാശത്തുവെച്ച് തന്നെ തടയുകയും നശിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഔദ്യോഗിക അവകാശവാദം.
എന്നാൽ, ജൂൺ 8-ന് യൂറോപ്യൻ കോപർനിക്കസ് ബ്രൗസർ വഴി ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ ഇസ്രായേലിന്റെ ഈ വാദങ്ങളെ പൂർണമായി പൊളിക്കുന്നതാണ്. ജൂൺ അഞ്ചിലെ ചിത്രങ്ങളും ജൂൺ എട്ടിലെ ചിത്രങ്ങളും തമ്മിൽ ഒത്തുനോക്കിയ പ്രതിരോധ വിദഗ്ധർ, രാമത് ഡേവിഡ് താവളത്തിൽ യുദ്ധവിമാനങ്ങൾ പാർപ്പിക്കുന്ന പ്രധാന ഹാങ്കർ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വലിയ നിറവ്യത്യാസവും കെട്ടിടത്തിന്റെ ഘടന പൂർണമായി തകർന്നതിന്റെ അടയാളങ്ങളും കണ്ടെത്തി. ഉപഗ്രഹ ചിത്രത്തിൽ ഹാങ്കർ നിന്നിരുന്ന ഭാഗത്ത് വലിയൊരു വെളുത്ത പാട് ദൃശ്യമാണ്. ആക്രമണസമയത്ത് ഈ ഹാങ്കറിനുള്ളിൽ ഇസ്രയേലിന്റെ ഏത് യുദ്ധവിമാനങ്ങളാണ് ഉണ്ടായിരുന്നതെന്നോ, നാശനഷ്ടങ്ങളുടെ പൂർണമായ വ്യാപ്തിയോ വെളിപ്പെടുത്താൻ ഐ.ഡി.എഫ് ഇതുവരെ തയാറായിട്ടില്ല.
ആവർത്തിച്ചുണ്ടാകുന്ന പ്രഹരം
ഇറാൻ-യു.എസ് യുദ്ധത്തിൽ രാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈലുകൾ കൃത്യമായി പതിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ചേർന്നു നടത്തിയ സൈനിക നീക്കത്തിലും ഈ താവളത്തിലെ രണ്ട് വ്യത്യസ്ത മേഖലകളിൽ മിസൈലുകൾ നേരിട്ട് പതിച്ചിരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മറ്റ് ഉപഗ്രഹ ചിത്രങ്ങൾ തെളിയിച്ചിരുന്നു.
അന്ന് മിസൈൽ പതിച്ച ആദ്യത്തെ മേഖല ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സപ്പോർട്ട് വാഹനങ്ങളും യുദ്ധോപകരണങ്ങളും സൂക്ഷിച്ചിരുന്ന കേന്ദ്രമായിരുന്നു. രണ്ടാമത്തെ മിസൈൽ പതിച്ചത് ഇസ്രായേലിന്റെ പോർവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും സർവീസ് നടത്തുന്നതിനുമുള്ള അതീവ നിർണായകമായ ഇൻഫ്രാസ്ട്രക്ചറിന് മേലായിരുന്നു. ലബനാൻ അതിർത്തിയിൽനിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ താവളത്തിലാണ് ഇസ്രയേലിന്റെ പ്രശസ്തമായ അഞ്ച് എയർ ഫോഴ്‌സ് സ്‌ക്വാഡ്രനുകൾ നിലയുറപ്പിച്ചിരിക്കുന്നത്. പ്രധാനമായും എഫ്-16 യുദ്ധവിമാനങ്ങളും അത്യാധുനിക യു.എ.വി ഡ്രോണുകളുമാണ് ഇവിടെനിന്ന് ഓപറേഷൻ നടത്തുന്നത്.
ഹിസ്ബുല്ലയുടെ ഡ്രോണുകൾ ചോർത്തിയ രഹസ്യങ്ങൾ
ഗസ്സയിലും ലബനാനിലും ബോംബെറിയാൻ പോകുന്ന ഇസ്രയേൽ വിമാനങ്ങളുടെ പ്രധാന ലോഞ്ച് പാഡായ രാമത് ഡേവിഡ് താവളത്തിന്റെ എല്ലാ സുരക്ഷിത വിവരങ്ങളും ഇറാന്റെ സഖ്യകക്ഷിയായ ലബനാനിലെ ഹിസ്ബുല്ലയ്ക്ക് നേരത്തെ തന്നെ കൃത്യമായി അറിയാമായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2024-ൽ ഹിസ്ബുല്ല തങ്ങളുടെ ഹുദ്ഹുദ് (ഡ്രോണുകൾ ഉപയോഗിച്ച് ഈ താവളത്തിന്റെ അതീവ സുരക്ഷിതമായ കോർഡിനേറ്റുകൾ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ക്യാമറയിൽ പകർത്തി പുറത്തുവിട്ടിരുന്നു.
താവളത്തിന്റെ കമാൻഡറുടെ ഔദ്യോഗിക ഓഫീസ് മുറി, സ്‌ക്വാഡ്രൻ 109, സ്‌ക്വാഡ്രൻ 105, സ്‌ക്വാഡ്രൻ 157 എന്നിവയുടെ ആസ്ഥാനങ്ങൾ, അയേൺ ഡോം വ്യോമപ്രതിരോധ ബാറ്ററികൾ നിലയുറപ്പിച്ച കൃത്യമായ സ്ഥലം, ഭൂഗർഭ ആയുധ സംഭരണശാലകളും വൻകിട ഇന്ധന ടാങ്കുകളും, അപ്പാച്ചെ ഹെലികോപ്റ്ററുകളും ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനങ്ങളും നിർത്തിയിട്ടിരുന്ന ഹാങ്കറുകൾ എന്നിവയാണ് ഹിസ്ബുല്ല അന്ന് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഈ കൃത്യമായ ജി.പി.എസ് വിവരങ്ങൾ മുൻനിർത്തിയാണ് ഇറാൻ ഐ.ആർ.ജി.സി തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ കൃത്യതയോടെ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തെക്കൻ ലബനാനിലും ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ സൈന്യം സാധാരണക്കാർക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങൾക്കുള്ള നേരിട്ടുള്ള മുന്നറിയിപ്പാണ് ഈ ഓപറേഷനെന്നാണ് ഇറാന്റെ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയത്. രാമത് ഡേവിഡ് താവളത്തിൽനിന്നാണ് ലബനാനിലേക്ക് ബോംബെറിയാനുള്ള വിമാനങ്ങൾ പറന്നുയരുന്നതെന്നും ഇറാൻ ആരോപിക്കുന്നുണ്ട്.