ട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസ നിയന്ത്രണം തടഞ്ഞ് യുഎസ് കോടതി
ബോസ്റ്റൺ: വിദേശവിദ്യാർഥികൾക്ക് വിസ കാലാവധി നീട്ടാൻ അപേക്ഷ നൽകാതെ അമേരിക്കയിൽ തുടരാൻ കഴിയുന്ന സമയപരിധി വെട്ടിക്കുറക്കാനുള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനത്തിന് യുഎസ് കോടതിയുടെ തിരിച്ചടി. ഉത്തരവ് പ്രാബല്യത്തിലാകാൻ ഒരുദിവസം മാത്രം ശേഷിക്കെയാണ് ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് എഫ്. ഡെന്നിസ് സെയ്‌ലർ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംയുക്ത യൂണിയനുകളും ഉന്നത വിദ്യാഭ്യാസ താൽപര്യ സംരക്ഷണ സംഘടനകളും നൽകിയ ഹർജികൾ പരിഗണിച്ചാണ് ഈ കോടതി നടപടി.
അങ്ങേയറ്റം ദുർബലമായ കാരണങ്ങളുടെ പേരിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) പുതിയ നയം രൂപീകരിച്ചതെന്ന് ജഡ്ജ് സെയ്ലർ നിരീക്ഷിച്ചു. രാജ്യസുരക്ഷയും വീസ പ്രോഗ്രാമിലെ തട്ടിപ്പുകളുമാണ് ഡി.എച്ച്.എസ് പുതിയ നിയമത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ നയം മാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനോ, ബുദ്ധിമുട്ട് കുറഞ്ഞ മറ്റ് ബദലുകൾ പരിഗണിക്കാനോ ഉള്ള നിയമപരമായ ബാധ്യത ഏജൻസി പാലിച്ചില്ലെന്ന് വിധിയിൽ വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ടായി വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ (പഠന കാലാവധി) അടിസ്ഥാനമാക്കി വീസ അനുവദിച്ചിരുന്ന യു.എസ്. സംവിധാനത്തെയാണ് പുതിയ നിയമം തകിടം മറിച്ചത്. കോടിക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും യു.എസിലെത്താനും ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാനും ഈ പഴയ രീതി സഹായകരമായിട്ടുണ്ട്. ഇത് അമേരിക്കയുടെ വലിയ സാമ്പത്തിക വളർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നും ജഡ്ജ് സെയ്‌ലർ കൂട്ടിച്ചേർത്തു.
ജൂലൈയിൽ ഡി.എച്ച്.എസ്. കൊണ്ടുവന്ന പുതിയ നയം, അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ, പ്രഫസർമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ മൊത്തം എണ്ണം പരിമിതപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു.
പുതിയ നിയമപ്രകാരം രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള എഫ് (F) വീസകളുടെയും സാംസ്കാരിക കൈമാറ്റ പരിപാടികളിൽ പങ്കാളികളാകുന്നവർക്ക് യു.എസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ജെ (J) വീസകളുടെയും കാലാവധി നാല് വർഷമായി ചുരുങ്ങും. നിലവിൽ വർഷങ്ങളോളം കാലാവധിയുള്ള മാധ്യമപ്രവർത്തകർക്കുള്ള ഐ (I) വിസയുടെ സമയപരിധി പരമാവധി 240 ദിവസമായി പരിമിതപ്പെടുത്തുകയും ചെയ്യും.
നിലവിൽ 16 ലക്ഷത്തോളം പേർക്ക് എഫ് വിസയും അഞ്ചുലക്ഷത്തോളം പേർക്ക് ജെ വീസയുമുണ്ട്. എംഐടി (MIT), ഹാർവാർഡ് തുടങ്ങിയ പ്രമുഖ ഗവേഷണ സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളുടെ സാന്നിധ്യം ഉയർന്ന തോതിലാണ്. പുതിയ നിയമം നടപ്പിലായാൽ ഇത്തരം സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടവും പ്രവേശനത്തിൽ വലിയ ഇടിവും സംഭവിക്കും. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തിനും അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും വൻ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിധിയിൽ മുന്നറിയിപ്പ് നൽകുന്നു.