21/07/2026
[fontresizer_tawhidurrahmandear_widget]

ഡ്രസ്സിങ് റൂമിലെ ലൈംഗികാതിക്രമം: എഴുത്തുകാരി ഇ. ജീൻ കാരോളിന് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

 ഡ്രസ്സിങ് റൂമിലെ ലൈംഗികാതിക്രമം: എഴുത്തുകാരി ഇ. ജീൻ കാരോളിന് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

ഇ. ജീൻ കാരോൾ, ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ലൈംഗികപീഡനക്കേസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി കൈമാറി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് അപകീർത്തിപ്പെടുത്തുകയും ചെയ്തതായി 2023-ൽ ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ തുക കൈമാറിയത്.

കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ഈ തുക, ട്രംപിന്റെ ശക്തമായ എതിർപ്പുകളെയും നിയമപരമായ തടസ്സങ്ങളെയും മറികടന്നാണ് കാരോളിന്റെ അഭിഭാഷകരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ജൂറി നേരത്തെ വിധിച്ച അഞ്ച് ദശലക്ഷം ഡോളറും അതിന്റെ പലിശയും ഉൾപ്പെടെയാണ് 5.63 ദശലക്ഷം ഡോളർ കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ട്രംപിൽനിന്ന് കാരോളിന് ലഭിക്കുന്ന ആദ്യത്തെ തുകയാണിത്.

1996-ൽ മാൻഹട്ടനിലെ ഒരു പ്രമുഖ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമിൽവെച്ച് ട്രംപ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കാരോളിന്റെ പരാതി. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ട്രംപ്, കാരോളിന്റെ വാദങ്ങൾ കള്ളമാണെന്നും സ്വന്തം പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും ആരോപിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞമാസം ട്രംപ് സമർപ്പിച്ച അപ്പീൽ യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് കാരോളിന് തുക ലഭിക്കാൻ അന്തിമ വഴിയൊരുങ്ങിയത്.

തുക കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ നേരത്തേ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. കാരോൾ ഈ തുക മറ്റാർക്കെങ്കിലും ദാനംചെയ്യാനാണ് നീക്കം നടത്തുന്നതെന്നും, അങ്ങനെ ചെയ്താൽ ഭാവിയിൽ കേസിൽ ട്രംപിന് അനുകൂല വിധി വന്നാൽ പോലും പണം തിരിച്ചെടുക്കാൻ കഴിയില്ലെന്നുമായിരുന്നു വാദം. എന്നാൽ, തന്റെ വിരമിക്കൽ കാലത്തെ ആവശ്യങ്ങൾക്കായി ഈ പണം ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുകയെന്ന് കാരോൾ കോടതിയെ ബോധിപ്പിച്ചു.

Also read: