ജെറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ജൂതയുവാവിൻ്റെ ക്രൂരമായ ആക്രമണം; 36-കാരൻ പിടിയിൽ
ജെറുസലേം: അധിനിവിഷ്ട കിഴക്കൻ ജറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീയെ ആക്രമിച്ച കേസിൽ ഒരു ജൂത യുവാവിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേലി പോലീസ് അറിയിച്ചു. ജെറുസലേമിലെ മൗണ്ട് സിയോണിൽ വെച്ച് 48 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. 36 വയസ്സുകാരനായ ജൂത വംശജനെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു.
ജെറുസലേമിലെ ഫ്രഞ്ച് സ്കൂൾ ഓഫ് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ റിസർച്ചിലെ ഗവേഷകയായ കന്യാസ്ത്രീയെ പിന്നിലൂടെ എത്തിയ ആൾ കല്ലിലേക്ക് തള്ളിയിടുകയും നിലത്തുവീണ അവരെ ആവർത്തിച്ച് ചവിട്ടുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ മുഖത്ത് സാരമായ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വംശീയമായ ലക്ഷ്യങ്ങളോടെ മതപുരോഹിതർക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രയേലിലും ഫലസ്തീൻ പ്രദേശങ്ങളിലും ക്രൈസ്തവർക്കും അവരുടെ ചിഹ്നങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ഫ്രഞ്ച് കോൺസുലേറ്റും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവ സമൂഹത്തിന് നേരെ വിദ്വേഷം വളരുന്നതിന്റെ ഭാഗമാണെന്നും ഹീബ്രു യൂണിവേഴ്സിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. തീവ്രവാദികളായ ജൂത വിഭാഗങ്ങൾ മതവസ്ത്രം ധരിച്ച പുരോഹിതരെ അപമാനിക്കുന്നതും തുപ്പുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ടെന്ന് നയതന്ത്ര വൃത്തങ്ങളും ആശങ്ക പ്രകടിപ്പിക്കുന്നു.
അടുത്ത കാലത്തായി ദക്ഷിണ ലബനാനിലെ ഒരു ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത രണ്ട് ഇസ്രയേൽ സൈനികരെ സൈനിക ചുമതലയിൽ നിന്ന് നീക്കം ചെയ്തതും ഈ സാഹചര്യത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.