10/06/2026
[fontresizer_tawhidurrahmandear_widget]

‘പുലർച്ചെ വന്ന് ആക്രമിച്ചു 7 വീടുകൾക്ക് തീയിട്ടു’; മണിപ്പൂരിൽ 3 കുക്കി വംശജർ കൊല്ലപ്പെട്ടു

 ‘പുലർച്ചെ വന്ന് ആക്രമിച്ചു 7 വീടുകൾക്ക് തീയിട്ടു’; മണിപ്പൂരിൽ 3 കുക്കി വംശജർ കൊല്ലപ്പെട്ടു

ഇംഫാൽ: വംശീയ സംഘർഷങ്ങൾ വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും അക്രമം. മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലുള്ള ലോയ്‌ബോൾ ഖുള്ളൻ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തോക്കുധാരികളായ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറി ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ലെത്‌ഖൊംഗാം (34), ഭാര്യ ടിൻമേരി ഹാവോകിപ് (30), ജാങ്മിൻലാൽ ഹാവോകിപ് (34) എന്നിവർ അക്രമികളുടെ വെടിയേറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. പരിഭ്രാന്തരായ ഗ്രാമീണർ അടുത്തുള്ള വനമേഖലകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

കുക്കി സംഘടനയായ ‘കുക്കി ഇൻപി മണിപ്പൂർ’ ഈ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ചു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലീമും സഖ്യ സംഘടനയായ സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് എന്നീ നാഗാ സായുധ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെത്ത് കുക്കി സംഘടനകൾ ആരോപിക്കുകയും ചെയ്തു. മലയോര മേഖലകളിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന കടുത്ത വംശീയ തർക്കങ്ങളുടെയും തടവിലാക്കപ്പെട്ട ആളുകളെ ചൊല്ലിയുള്ള തർക്കങ്ങളുടെയും തുടർച്ചയായാണ് ഈ അക്രമം കണക്കാക്കപ്പെടുന്നത്.

എന്നാൽ നാഗാ സായുധ ഗ്രൂപ്പുകൾ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മണിപ്പൂർ ഉപമുഖ്യമന്ത്രി നെംച കിപ്‌ഗെൻ, പ്രാദേശിക എംഎൽഎ ഹാവോഖോലെറ്റ് കിപ്‌ഗെൻ എന്നിവർ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്രസംസ്ഥാന സുരക്ഷാ സേനകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ ആക്രമണത്തിന്റെ പേരിൽ ഉണ്ടാകാൻ സാധ്യതയുള്ള ക്രമസമാധാന തകർച്ചയ്ക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് കുക്കി സംഘടനകൾ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: