03/06/2026
[fontresizer_tawhidurrahmandear_widget]

‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശം ഒരിക്കലും ന്യായീകരിക്കാനാകില്ല; പാർട്ടി നിലപാടിൽ സംശയത്തിന് ഇടനൽകരുതായിരുന്നു’; എളമരം കരീം

 ‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശം ഒരിക്കലും ന്യായീകരിക്കാനാകില്ല; പാർട്ടി നിലപാടിൽ സംശയത്തിന് ഇടനൽകരുതായിരുന്നു’; എളമരം കരീം

മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം ബാധിക്കുന്ന ഒന്നല്ല ഈ പ്രസ്താവന. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് സിപിഎം കൃത്യമായി പറഞ്ഞിരുന്നു. ഒരു സമുദായ നേതാവെന്ന നിലയിലുള്ള ബഹുമാനം നൽകിയാണ് പാർട്ടി അന്ന് പ്രതികരിച്ചത്. എന്നാൽ, പാർട്ടിയുടെ നിലപാട് വേണ്ടത്ര ശക്തമായിരുന്നില്ലെന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ടാകാം. അദ്ദേഹം ഒരു പ്രത്യേക പ്രകൃതക്കാരനാണെങ്കിലും ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാടിന്മേൽ ഒരു സംശയവും ഉയരാൻ പാടില്ലായിരുന്നുവെന്നും എളമരം കരീം പ്രതികരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്ന ചില സിപിഎം നേതാക്കളുടെ പ്രസ്താവനകളെയും അദ്ദേഹം തള്ളി. അത്തരമൊരു ഔദ്യോഗിക വിലയിരുത്തൽ പാർട്ടിക്കില്ലെന്നും, നേതാക്കളോ വ്യക്തികളോ പറയുന്നതല്ല മറിച്ച് സംസ്ഥാന-കേന്ദ്ര കമ്മിറ്റികൾ തീരുമാനിക്കുന്നതാണ് ഔദ്യോഗിക നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനം ഇതുവരെ പൂർത്തിയായിട്ടില്ല. മുസ്‌ലിം സമുദായത്തിന് ഇടതുപക്ഷത്തോട് യാതൊരു വിരോധവുമുണ്ടെന്ന് കരുതുന്നില്ല. ചില മാധ്യമ വാർത്തകളുടെ സ്വാധീനത്താൽ അവർക്കിടയിൽ എന്തെങ്കിലും അസംതൃപ്തി ഉണ്ടായിട്ടുണ്ടാകാം. 1992-ലെ ബാബറി മസ്ജിദ് തകർച്ചയുടെ സമയത്തെ ഭീകരതയും അന്ന് ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നിലപാടുകളും ഇന്നത്തെ തലമുറ നേരിട്ട് അറിഞ്ഞവരല്ല. അന്ന് കോൺഗ്രസ് മുന്നണിയിൽ തന്നെ തുടരാൻ മുസ്‌ലിം ലീഗ് എടുത്ത തീരുമാനത്തെക്കുറിച്ചും അവർക്ക് വായിച്ചുള്ള അറിവ് മാത്രമേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തുന്നത് മുസ്‌ലിം സംഘടനകളോടാണ്. പാർട്ടിയിൽ ധാരാളം മുസ്‌ലിം കേഡർ പ്രവർത്തകരുമുണ്ട്. എന്നാൽ, ഇവർക്കിടയിൽ സ്വാധീനമുള്ള പല മാധ്യമങ്ങളും സിപിഎമ്മിനെ അനുകൂലിക്കുന്നവരല്ല. പാർട്ടിയുടെ നിലപാടുകളെ വളച്ചൊടിച്ചും ചുരുക്കിയും കാണിക്കുന്ന പ്രവണത വ്യാപകമാണ്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്ന് പാർട്ടി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും എളമരം കരീം കൂട്ടിച്ചേർത്തു.

Also read: