യുഎസ് ഒരു വിഷയമേയല്ല; റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യ; പിന്നാലെ ഇളവ് നീട്ടി അമേരിക്ക
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാരക്കരാറിലെ നിയന്ത്രണങ്ങൾ മറികടന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ തുടരും. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെ, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് 30 ദിവസത്തേക്ക് കൂടി നീട്ടി നൽകി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ ഇളവിന്റെ കാലാവധി അവസാനിച്ചത്.
വ്യാപാരക്കരാർ നിലവിൽ വരുന്നതിന് മുൻപും ശേഷവും ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടെന്നും അത് തുടരുമെന്നും പെട്രോളിയം മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു. നിലവിൽ രാജ്യത്ത് ക്രൂഡോയിൽ ലഭ്യതയ്ക്ക് യാതൊരു പ്രതിസന്ധിയുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ രാസവളങ്ങൾക്ക് വൻ വിലക്കയറ്റമുണ്ടായെങ്കിലും ഇന്ത്യയിലെ കർഷകരെ അത് ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സം കാരണം ആഗോളതലത്തിൽ യൂറിയ ഉൾപ്പെടെയുള്ളവയുടെ വില ചാക്കിന് (45 കിലോ) 4000 രൂപ കടന്നിരിക്കുകയാണ്. എന്നാൽ വൻതോതിൽ സബ്‌സിഡി നൽകി 266.5 രൂപയ്ക്കാണ് കേന്ദ്രം ഇത് കർഷകർക്ക് ലഭ്യമാക്കുന്നത്.
ആഭ്യന്തര ഉൽപാദനത്തിലെ നേരിയ കുറവ് പരിഹരിക്കാൻ ഇറക്കുമതി കൂട്ടിയിട്ടുണ്ടെന്നും ചില്ലറ വിൽപന വിലയിൽ ഒരു രൂപ പോലും വർധിപ്പിക്കില്ലെന്നും വളം മന്ത്രാലയം അഡി. സെക്രട്ടറി അപർണ ശർമ അറിയിച്ചു. ടിഎസ്‌പി, അമോണിയം സൾഫേറ്റ് എന്നിവയ്ക്കായി ആഗോള ടെൻഡർ വിളിച്ചിട്ടുമുണ്ട്.