03/06/2026
[fontresizer_tawhidurrahmandear_widget]

ഐപിഎലിൽ ഹണിട്രാപ്? താരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെ‌ടുത്താൻ ബിസിസിഐ; മുറികളിൽ മിന്നൽ പരിശോധന

 ഐപിഎലിൽ ഹണിട്രാപ്? താരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെ‌ടുത്താൻ ബിസിസിഐ; മുറികളിൽ മിന്നൽ പരിശോധന

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ താരങ്ങളെയും ഒഫീഷ്യലുകളെയും ലക്ഷ്യം വെച്ചുള്ള ഹണിട്രാപ് ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ. താരങ്ങൾക്കും സ്റ്റാഫുകൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് തടയാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ദേവ്‌ജിത് സൈകിയ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇതിന്റെ ഭാഗമായി താരങ്ങളുടെ ഹോട്ടൽ മുറികളിൽ മുൻകൂട്ടി അറിയിക്കാതെ മിന്നൽ പരിശോധന നടത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കും.

ടീം മാനേജരുടെ പ്രത്യേക അനുമതിയില്ലാതെ ആരെയും താരങ്ങളുടെ മുറികളിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഹോട്ടലിൽ താരങ്ങളെ സന്ദർശിക്കാൻ എത്തുന്ന അതിഥികളെക്കുറിച്ചും ടീമിന്റെ യാത്രകളെക്കുറിച്ചും കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ താരങ്ങൾ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും. ലൈംഗിക അതിക്രമ ആരോപണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ടീമുകളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. ബിസിസിഐ, ഐപിഎൽ ഓപ്പറേഷൻസ് ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘമാകും പരിശോധനകൾക്ക് നേതൃത്വം നൽകുക.

താരങ്ങളുടെ വിശ്രമമുറികൾക്ക് പുറമെ ടീം ബസുകളിലും ഡഗ് ഔട്ടുകളിലും അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാതുവയ്പ് സംഘങ്ങളുടെ ഇടപെടൽ തടയുന്നതിന്റെ ഭാഗമായി ഇത്തരം നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. 2013-ലെ വാതുവയ്പ് വിവാദത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് തീരുമാനം. പുതിയ പരിഷ്കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫ്രാഞ്ചൈസി സിഇഒമാരുടെ യോഗം ബിസിസിഐ ഉടൻ വിളിച്ചുചേർക്കും.

Also read: