02/06/2026
[fontresizer_tawhidurrahmandear_widget]

സിജെപിക്ക് പിന്തുണയുമായി സോനം വാങ്ചുക്കും; ഡൽഹിയിലെ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കും

 സിജെപിക്ക് പിന്തുണയുമായി സോനം വാങ്ചുക്കും; ഡൽഹിയിലെ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൂട്ടായ്മ ജൂൺ 6ന് നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തിന് പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്കിന്റെ പിന്തുണ. ജൂൺ 5നകം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരത്തിൽ നേരിട്ട് പങ്കുചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വാങ്ചുക്ക് ഇക്കാര്യം അറിയിച്ചത്. പരീക്ഷാ നടത്തിപ്പിൽ ഇത്രയും വലിയ വീഴ്ചകൾ സംഭവിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ച അദ്ദേഹം, സ്വാഭിമാനമുള്ള ഏതൊരു മന്ത്രിയും ഈ സാഹചര്യത്തിൽ രാജിവെക്കാൻ തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.

ഹിമാലയൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കാനായി കൃത്രിമ മഞ്ഞുമലകൾ നിർമ്മിച്ചതിലൂടെയും ലഡാക്കിലെ വിദ്യാർത്ഥികൾക്കായി സെക്‌മോൾ എന്ന വിദ്യാഭ്യാസ പ്രസ്ഥാനം സ്ഥാപിച്ചതിലൂടെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് സോനം വാങ്ചുക്. പ്രശസ്ത ബോളിവുഡ് ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് പ്രചോദനമായതും ഇദ്ദേഹത്തിന്റെ ജീവിതമായിരുന്നു. ലഡാക്കിന്റെ പ്രത്യേക പദവിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി മുൻപും നിരവധി സമരങ്ങൾ നടത്തിയിട്ടുള്ള വാങ്ചുക്, കഴിഞ്ഞ വർഷം നടത്തിയ പ്രതിഷേധങ്ങളുടെ പേരിൽ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം ആറ് മാസത്തോളം തടവിലാവുകയും ഈ വർഷം മാർച്ചിലാണ് മോചിതനാവുകയും ചെയ്തത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ഈ വർഷം നടന്ന നീറ്റ്‌യുജി പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ സാങ്കേതിക തകരാറുകൾ, സിയുഇടി പരീക്ഷാ നടത്തിപ്പിലെ അപാകതകൾ എന്നിവ കാരണം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാണ്. നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നതും ഇതിന്മേൽ സിബിഐ അന്വേഷണം നടക്കുന്നതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ പരീക്ഷാ ക്രമക്കേടുകളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സോനം വാങ്ചുക് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Also read: