02/06/2026
[fontresizer_tawhidurrahmandear_widget]

ഹിന്ദു യുവതിക്ക് 10 ലക്ഷം ഓഫർ ചെയ്ത് മുസ്‌ലിം യുവാക്കളെ ‘ലവ് ജിഹാദ്’ കേസിൽ കുടുക്കാൻ നീക്കം; വിഎച്ച്പി നേതാവ് അറസ്റ്റിൽ

 ഹിന്ദു യുവതിക്ക് 10 ലക്ഷം ഓഫർ ചെയ്ത് മുസ്‌ലിം യുവാക്കളെ ‘ലവ് ജിഹാദ്’ കേസിൽ കുടുക്കാൻ നീക്കം; വിഎച്ച്പി നേതാവ് അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മുസ്ലിം യുവാക്കളെ ‘ലവ് ജിഹാദ്’, കൂട്ടബലാത്സംഗ കേസുകളിൽ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയ ഹിന്ദുത്വ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാവ് നകുൽ ഗുർജാറാണ് പോലീസിന്റെ പിടിയിലായത്. ഹിന്ദു യുവതിക്ക് 10 ലക്ഷം രൂപയും ജോലിയും ഓഫർ ചെയ്തായിരുന്നു ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്.

മുസ്ലിം യുവാക്കളിൽനിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കെണിയൊരുക്കിയതെന്ന് സംഭവത്തിൽ പങ്കാളിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് ചെയ്തത്. ജിഷാൻ, ഷഹ്വേസ് എന്നീ രണ്ട് മുസ്ലിം യുവാക്കളെയാണ് നകുൽ ഗുർജാറും സംഘവും ചേർന്ന് വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച മീററ്റിലെ ജാഗൃതി വിഹാർ പ്രദേശത്ത് വെച്ച് രണ്ട് മുസ്ലിം യുവാക്കളും ഒരു യുവതിയും സഞ്ചരിച്ചിരുന്ന കാർ നകുൽ ഗുർജാറിന്റെ നേതൃത്വത്തിലുള്ള വി.എച്ച്.പി പ്രവർത്തകർ തടയുകയായിരുന്നു. യുവാക്കൾ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോകുകയാണെന്നും ഇത് ‘ലവ് ജിഹാദ്’ ആണെന്നും ആരോപിച്ച് ഇവർ വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂന്നുപേരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടർന്ന് പോലീസ് നടത്തിയ അഞ്ച് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഹിന്ദുത്വ നേതാവ് നകുൽ ഗുർജാർ മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. കാറിലുണ്ടായിരുന്ന 19-കാരിയായ ഭാവന എന്ന യുവതി പോലീസിന് മുന്നിൽ സത്യം തുറന്നു പറയുകയായിരുന്നു. തനിക്ക് നകുൽ ഗുർജാറിനെ ഒന്നര വർഷമായി അറിയാമെന്നും, യുവാക്കൾക്കെതിരെ വ്യാജ കൂട്ടബലാത്സംഗ പരാതി നൽകിയാൽ പണവും ജോലിയും നൽകാമെന്ന് നകുൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി സമ്മതിച്ചു.

യുവാക്കളെ വ്യാജ കേസിൽ കുടുക്കി ഭീഷണിപ്പെടുത്തി അവരിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു നകുലിന്റെയും കൂട്ടാളികളുടെയും യഥാർത്ഥ ലക്ഷ്യമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടുജോലിക്കാരെ എത്തിച്ചു നൽകുന്ന ഏജൻസി നടത്തുന്ന ജിഷാനെ കുടുക്കാൻ നകുൽ ഗുർജാർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ജോലി ആവശ്യമുണ്ടെന്ന വ്യാജേന മറ്റൊരു വ്യക്തി വഴി യുവതിയുടെ ഫോൺ നമ്പർ ജിഷാന് കൈമാറുകയായിരുന്നു നകുൽ. തുടർന്ന് ജോലി കാര്യങ്ങൾ സംസാരിക്കാനായി ജിഷാൻ യുവതിയെ ജാഗൃതി വിഹാറിലേക്ക് വിളിച്ചുവരുത്തി. ജിഷാനൊപ്പം സുഹൃത്തായ ഷഹ്വേസും കാറിലുണ്ടായിരുന്നു.

കാറിൽ കയറുന്നതിന് തൊട്ടുമുൻപ് യുവതി ഈ കാറിന്റെ ചിത്രവും തന്റെ ലൈവ് ലൊക്കേഷനും നകുലിന് അയച്ചുകൊടുത്തു. ഇതനുസരിച്ച് കൃത്യസമയത്ത് സ്ഥലത്തെത്തിയ നകുലും സംഘവും ‘ലവ് ജിഹാദ്’ എന്ന രീതിയിൽ വൻ പ്രചാരണം അഴിച്ചുവിടുകയായിരുന്നു.

യുവതിക്ക് പ്രായപൂർത്തിയായില്ല എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങളും ഹിന്ദുത്വ സംഘടനകൾ ഉയർത്തിയിരുന്നു. എന്നാൽ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽനിന്ന് യുവതിക്ക് 19 വയസ്സുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വൈദ്യപരിശോധനയിൽ യുവതിക്ക് നേരെ യാതൊരുവിധ അതിക്രമവും നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ നകുൽ ഗുർജാർ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒരു വർഷം മുൻപ് മറ്റൊരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന നകുൽ, ജാമ്യത്തിലിറങ്ങിയപ്പോൾ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പോലീസ് ഓഫീസർ സുചിതാ സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന കൃത്യമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജിഷാനെയും ഷഹ്വേസിനെയും പോലീസ് നേരത്തെ തന്നെ വിട്ടയച്ചിരുന്നു. നകുലിന്റെ കൂട്ടാളികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Also read: