പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദാഹരിച്ച് പ്രസംഗം; യു.പിയില്‍ ‘ഇന്‍സ്റ്റഗ്രാം സ്റ്റാര്‍’ എസ്.ഐക്ക് സസ്പെന്‍ഷന്‍
ലഖ്‌നൗ: പ്രവാചകന്‍ മുഹമ്മദ് നബിയെയും പെണ്‍മക്കളുടെ സംരക്ഷണത്തെയും കുറിച്ച് പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശിലെ കനൗജില്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോഴോവര്‍മാരുള്ള അഫാഖ് ഖാനെതിരെയാണു നടപടി. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പുരാതന അറേബ്യയിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചാണ് അഫാഖ് ഖാന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന അനാചാരം നിലനിന്നിരുന്നതായും മുഹമ്മദ് നബിയുടെ വരവോടെയാണ് പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വവും ആദരവും ലഭിച്ചതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
യൂണിഫോമിലിരുന്ന് മതപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. മതപരിവര്‍ത്തനത്തിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ചില ഹിന്ദുത്വ സംഘടനകള്‍ പരാതിയില്‍ ആരോപിച്ചു.
വെറുമൊരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയിലെ വലിയൊരു സെലിബ്രിറ്റിയാണ് അഫാഖ് ഖാന്‍. ഇന്‍സ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹം പങ്കുവെക്കുന്ന വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട്. യൂണിഫോമിലുള്ള ഇദ്ദേഹത്തിന്റെ വീഡിയോകള്‍ പലപ്പോഴും തരംഗമാകാറുണ്ട്. ഈ ജനപ്രീതിയാണ് വീഡിയോ അതിവേഗം വൈറലാകാനും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വഴിതുറന്നത്.
വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നതോടെ കനൗജ് എസ്.പി ഇടപെട്ടു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ യൂണിഫോമിലിരുന്ന് മതപരമായ പ്രഭാഷണങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതും.