17/04/2026
[fontresizer_tawhidurrahmandear_widget]

‘ആരും നിർബന്ധിച്ചല്ല ഇസ്‌ലാം സ്വീകരിച്ചത്; പണ്ടേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിക്കുന്നു’-‘ലവ് ജിഹാദ്’ ആരോപണങ്ങൾ തള്ളി ചാഹത്ത് ഖന്ന

 ‘ആരും നിർബന്ധിച്ചല്ല ഇസ്‌ലാം സ്വീകരിച്ചത്; പണ്ടേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിക്കുന്നു’-‘ലവ് ജിഹാദ്’ ആരോപണങ്ങൾ തള്ളി ചാഹത്ത് ഖന്ന

മുംബൈ: നടി ചാഹത്ത് ഖന്നയുടെ മതപരിവർത്തനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. തന്റെ രണ്ടാം വിവാഹവേളയിൽ ഇസ്ലാം സ്വീകരിച്ചതും പിന്നീട് ഹിന്ദു മതത്തിലേക്ക് മടങ്ങിയതും സംബന്ധിച്ച അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

താൻ മതം മാറിയത് ആരുടെയും സമ്മർദം മൂലമല്ലെന്നും തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെന്നും ചാഹത്ത് വ്യക്തമാക്കി. ‘ചെറുപ്പം മുതലേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. മതേതരവാദിയാണ്. എന്റെ മതം മാറ്റം ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ല. മറിച്ച് അന്ന് എനിക്ക് ശരിയെന്നു തോന്നിയ കാര്യമാണ്,’ താരം പറഞ്ഞു.

2013-ൽ ഫർഹാൻ മിർസയുമായുള്ള വിവാഹസമയത്താണ് ചാഹത്ത് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാൽ ആ ബന്ധം വേർപിരിഞ്ഞതിന് ശേഷം താരം വീണ്ടും ഹിന്ദു മതത്തിലേക്ക് മടങ്ങുകയായിരുന്നു. താൻ ഇപ്പോൾ ഒരു ഉറച്ച സനാതന വിശ്വാസിയാണെന്നും തന്റെ വേരുകളിലേക്ക് മടങ്ങുന്നതാണ് തനിക്ക് സമാധാനം നൽകുന്നതെന്നും താരം വെളിപ്പെടുത്തി. ‘ചില കാര്യങ്ങളിൽ എനിക്ക് വ്യക്തത കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്,’ അവർ കൂട്ടിച്ചേർത്തു.

രണ്ട് വിവാഹബന്ധങ്ങൾ പരാജയപ്പെട്ടത് തന്നെ മാനസികമായി വലിയ രീതിയിൽ ബാധിച്ചുവെന്ന് ചാഹത്ത് പറയുന്നു. 2006-ൽ ഭരത് നർസിങ്ങാനിയുമായുള്ള ആദ്യ വിവാഹവും പിന്നീട് ഫർഹാൻ മിർസയുമായുള്ള രണ്ടാം വിവാഹവും തകർന്നുപോയത് സമൂഹത്തിന് മുന്നിൽ തന്നെ പരിഹാസ്യയാക്കിയോ എന്ന് ഭയപ്പെട്ടിരുന്നതായി താരം സമ്മതിച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രണ്ട് ബന്ധങ്ങളിൽനിന്നും താൻ പുറത്തുകടന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ മതമാറ്റം ‘ലവ് ജിഹാദ്’ ആണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ താരം ശക്തമായി എതിർത്തു. തന്റെ ജീവിതത്തിലെ ഓരോ വീഴ്ചകളും തീരുമാനങ്ങളും തന്റേത് മാത്രമാണ്. ‘രണ്ട് വിവാഹമോചനങ്ങൾ എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ ഭാരമാണ്. ആളുകൾ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ ആ സാഹചര്യത്തിലൂടെ കടന്നുപോകുന്നത് പ്രയാസകരമാണ്,’ ചാഹത്ത് പറഞ്ഞു.

നിലവിൽ രണ്ട് പെൺമക്കളുടെ അമ്മയായ ചാഹത്ത്, തന്റെ മക്കളുടെ ഭാവിയിലേക്കും അഭിനയ ജീവിതത്തിലേക്കുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ബഡേ അച്ചേ ലഗ്തേ ഹേ’ പോലുള്ള ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയയായ താരം, പ്രതിസന്ധികളെ മറികടന്ന് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നുപറയുന്നതിലൂടെ തന്നെപ്പോലെ പ്രയാസമനുഭവിക്കുന്ന മറ്റുള്ളവർക്ക് ധൈര്യം നൽകാൻ കഴിയുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.

Also read: