ഹോളിവുഡ് താരം ആൻ ഹാതവേ ഇസ്ലാം സ്വീകരിച്ചോ? ‘ഇൻഷാ അല്ലാഹ്’ പരാമർശത്തിന് പിന്നിലെന്ത്? സോഷ്യൽ മീഡിയയിൽ ചർച്ച
ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടി ആൻ ഹാതവേ ഇസ്ലാം മതം സ്വീകരിച്ചോ? കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയമാണിത്. ഒരു അഭിമുഖത്തിനിടെ താരം ‘ഇൻഷാ അല്ലാഹ്’ (ദൈവഹിതമുണ്ടെങ്കിൽ) എന്ന് പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഗായിക സബ്രീന കാർപെന്ററുമായി ചേർന്ന് നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് സംഭവം. ഭാവിയിലെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കവെയാണു താരം വളരെ സ്വാഭാവികമായി ‘ഇൻഷാ അല്ലാഹ്’ എന്ന് പറഞ്ഞത്. ”ആരോഗ്യപൂർണമായ ദീർഘായുസ് ആഗ്രഹിക്കുന്നുണ്ട്. ഇൻഷാ അല്ലാഹ്, അങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആൻ ഹാതവേ പറഞ്ഞു.
നിമിഷങ്ങൾക്കകം ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ താരത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് ആരാധകർക്കിടയിൽ പല തരത്തിലുള്ള ചർച്ചകൾ തലപൊക്കി. താരം മതം മാറിയോ, അതോ ഇസ്ലാം മതവിശ്വാസത്തോടുള്ള താൽപ്പര്യമാണോ താരം ഹാതവേ പ്രകടിപ്പിച്ചത് എന്നു തുടങ്ങുന്ന ചർച്ചകളായി. ഇതിനു പിന്നാലെ താരത്തിന്റെ ജീവിതത്തിലെ ചില ഘടകങ്ങൾ കൂടി ആരാധകർ ചർച്ച ചെയ്യുന്നുണ്ട്.
ആൻ ഹാതവേയുടെ അടുത്ത സൗഹൃദങ്ങളിൽ പലരും മുസ്ലിംകളാണ്. താരത്തിന്റെ ഉറ്റ സുഹൃത്തും മാനേജറുമായ മഹ ദഖീലുവും മുസ്ലിമാണ്. ഇതിനു പുറമെ യുഎൻ അംബാസഡർ എന്ന നിലയിൽ ലോകമെമ്പാടുമുള്ള മുസ്ലിം അവകാശങ്ങൾക്കായി താരം മുൻപ് നിലകൊള്ളുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാത്തിനും മീതെ, തന്റെ മതവിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഒരു ‘വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ’ ആണെന്നായിരുന്നു താരം മുൻപ് മറുപടി നൽകിയത്. ഇതെല്ലാം ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നത്.
ആൻ ഹാതവേയുടെ വിശ്വാസ ജീവിതം പരിശോധിച്ചാൽ പല വിശ്വാസഘട്ടങ്ങളിലൂടെ കടന്നുപോയതായി കാണാം. റോമൻ കത്തോലിക്കാ വിശ്വാസത്തിലാണ് താരം വളർന്നത്. എന്നാൽ തന്റെ സഹോദരന്റെ നിലപാടുകൾക്ക് വിരുദ്ധമായി സഭ നിന്നപ്പോൾ ആൻ ആ വിശ്വാസം ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഭർത്താവ് ആദം ഷുൽമാന്റെ ജൂത വിശ്വാസത്തിലെ പല ചടങ്ങുകളിലും താരം പങ്കെടുക്കാറുണ്ടെങ്കിലും താനൊരു ജൂത വിശ്വാസിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, നിലവിൽ താനൊരു പ്രത്യേക മതത്തിലും വിശ്വസിക്കുന്നില്ലെന്നും ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളാണെന്നുമാണ് താരം വിശേഷിപ്പിക്കുന്നത്. ഒരു അഭിമുഖത്തിൽ മതപരമായ കാര്യങ്ങളിൽ താൻ ഒന്നുമല്ല എന്നും അവർ പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ, ആൻ ഹാതവേ ഔദ്യോഗികമായി ഇസ്ലാം സ്വീകരിച്ചതായി ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ, വിവിധ സംസ്‌കാരങ്ങളോടുള്ള അവരുടെ ബഹുമാനത്തിന്റെ ഭാഗമായോ തന്റെ മുസ്ലിം സുഹൃത്തുക്കളിൽനിന്നുള്ള സ്വാധീനമായോ ആകാം താരത്തിന്റെ ‘ഇൻഷാ അല്ലാഹ്’ പ്രയോഗമെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.