20/07/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ് ടക്കർ കാൾസൻ | Tucker Carlson on Israel

 ‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ് ടക്കർ കാൾസൻ | Tucker Carlson on Israel

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Tucker Carlson on Israel). ‘സ്‌കൈ ന്യൂസ്’ മാധ്യമപ്രവർത്തക യൽദ ഹക്കീമുമായി നടത്തിയ അഭിമുഖത്തിലാണ്, യുഎസ് വിദേശനയങ്ങളെയും ഇസ്രയേലിന്റെ അമേരിക്കൻ സ്വാധീനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കാൾസൺ രംഗത്തെത്തിയത്. 9/11 ഭീകരാക്രമണത്തിന് ശേഷം താൻ പുലർത്തിയിരുന്ന തീവ്ര ഇസ്‍ലാം വിരുദ്ധ നിലപാടുകൾ ഇസ്രയേൽ വ്യാജ പ്രചാരണങ്ങൾ കാരണമുണ്ടായ ഭ്രാന്തും കള്ളവുമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. ഇറാൻ യുദ്ധത്തോടെ അമേരിക്ക ആഗോളതലത്തിൽ തകർന്നു. ഖാംനഇയെ കൊന്നാൽ ഇറാൻ ഭരണകൂടം തകരുമെന്ന് നെതന്യാഹു ട്രംപിനെ പറഞ്ഞുപറ്റിച്ചു. യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പെല്ലാം കാറ്റിൽപറത്തിയാണ് ട്രംപ് യുദ്ധത്തിനു പോയതെന്നും ഇപ്പോൾ അദ്ദേഹത്തിനു തിരിച്ചറിവ് വന്നെന്നും കാൾസൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

‘ഇസ്ലാമിനെക്കുറിച്ച് പറഞ്ഞതെല്ലാം നുണ’; തുറന്നുപറച്ചിൽ

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷമുള്ള അമേരിക്കൻ മാധ്യമങ്ങളുടെയും തന്റെയും നിലപാടുകളെ കാൾസൺ കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞു: ”9/11ന് ശേഷം ഒട്ടനവധി നുണകളാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ആഗോള ഇസ്ലാം അമേരിക്കയെ കീഴടക്കാനിരിക്കുകയാണെന്നും, ലോകത്തെ നൂറുകോടിയിലധികം വരുന്ന മുസ്ലിംകൾ നമ്മെ കൊല്ലാൻ നടക്കുകയാണെന്നും ആ നുണകളിലൂടെ ഇസ്രയേൽ അമേരിക്കക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. പ്രശ്‌നം ഇസ്ലാമാണ്, പ്രശ്‌നം മുസ്ലിംകളാണെന്ന് ടെലിവിഷനിലൂടെ പലതവണ ഞാൻ തന്നെ വിളിച്ചുപറഞ്ഞിട്ടുണ്ട്. അവരെല്ലാവരും ഭ്രാന്തന്മാരാണെന്നും, ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നിർമിച്ച ഒരു ചാവേർ കൾട്ടിന്റെ ഭാഗമാണ് അവരെന്നും ഞാൻ വിശ്വസിച്ചു. ഞാൻ ഹിസ്റ്റീരിയ ബാധിച്ച തികച്ചുമൊരു ഭ്രാന്തനെപ്പോലെയാണ് അന്ന് സംസാരിച്ചത്. എന്നാൽ അതിൽ ഒരു കാര്യവും സത്യവുമില്ലായിരുന്നു. അതിൽ ഒന്നുപോലും സത്യമായിരുന്നില്ല!”-കാൾസൻ തുറന്നുപറഞ്ഞു.

അറബ് ക്രിസ്ത്യാനികളോ മുസ്ലിംകളോ ആരുമാകട്ടെ, അറബികളെല്ലാം യഹൂദരെ വംശഹത്യ ചെയ്യാൻ ജനിച്ചവരാണെന്ന് ചില ഇസ്രയേലികൾ വിശ്വസിക്കുന്നത് ഇത്തരം മാനസിക വൈകല്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത സമ്മർദഘട്ടങ്ങളിൽ മനുഷ്യർ ഇത്തരം തെറ്റായ കാര്യങ്ങൾ വിശ്വസിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം ഭ്രാന്തമായ ചിന്തകളിൽ ജീവിക്കുന്ന കുട്ടികളെ തിരുത്തുന്ന ‘വിവേകമുള്ള മുതിർന്ന വ്യക്തിയെപ്പോലെ’, ഇസ്രയേലിനെ തിരുത്താൻ അമേരിക്കയ്ക്ക് ബാധ്യതയുണ്ടായിരുന്നുവെന്ന് കാൾസൺ വാദിച്ചു. എന്നാൽ അമേരിക്ക അക്കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഇസ്രയേലിനെ തിരുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അവരുടെ ബ്ലാക്ക്മെയിലിങ്ങും ഭീഷണികളും അമേരിക്കൻ ഭരണകൂടത്തിന്റെ ദൗർബല്യവും തന്നെ കാരണം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇസ്രയേലിന് അമേരിക്കയെ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞതിന് പിന്നിൽ ഒട്ടനവധി കാരണങ്ങളുണ്ട്. എന്നാൽ, കാരണങ്ങൾ എന്തുതന്നെയായാലും, ആ ആധിപത്യത്തിന്റെ യുഗം ഇപ്പോൾ അവസാനിക്കുകയാണ്.”-അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല ഭാവിക്കായി ഇസ്രയേലുമായി ഒരു ‘യജമാനൻ-അടിമ’ ബന്ധം ഒഴിവാക്കി, തുല്യ പങ്കാളിത്തമുള്ള സാധാരണ സുഹൃദ്ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും കാൾസൺ വ്യക്തമാക്കി.

‘ഞാൻ ട്രംപിനോട് കെഞ്ചിപ്പറഞ്ഞു, അദ്ദേഹം കേട്ടില്ല’

ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ താൻ നിരന്തരമായി ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് കാൾസൺ വെളിപ്പെടുത്തി. വാഷിങ്ടണിൽ വെച്ച് മൂന്ന് തവണ നേരിട്ട് കണ്ട് ഇറാനിലെ ഭരണമാറ്റ ശ്രമങ്ങളിൽനിന്നു പിന്മാറണമെന്ന് താൻ ട്രംപിനോട് ശക്തമായി വാദിച്ചിരുന്നു.

‘ഞാൻ ട്രംപിനോട് നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസത്തിൽ മൂന്ന് തവണയാണ് ഞാൻ വാഷിങ്ടണിൽ പോയി ട്രംപിനോട് നേരിട്ട് ഇക്കാര്യം സംസാരിച്ചത്. ഇറാനിൽ ഒരു ഭരണമാറ്റത്തിന് ശ്രമിക്കുന്നത് അമേരിക്കയ്ക്ക് അങ്ങേയറ്റം ദോഷം ചെയ്യുമെന്ന് ഞാൻ അദ്ദേഹത്തോട് തർക്കിച്ചു. ഇത് അമേരിക്കൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും, പശ്ചിമേഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഒടുവിൽ നാണംകെട്ട് പിന്മാറേണ്ടി വരുമെന്നും ഞാൻ മുന്നറിയിപ്പ് നൽകി. ഇത് അമേരിക്കൻ ഡോളറിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും നമ്മുടെ പൗരന്മാർ അവിടെ മരിച്ചുവീഴുമെന്നും ഞാൻ പറഞ്ഞു. ഇവയെല്ലാം യാഥാർത്ഥ്യമാകാൻ പോകുന്ന വലിയ അപകടങ്ങളാണെന്ന് ട്രംപിന് നന്നായി അറിയാമായിരുന്നു. പക്ഷേ, എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം ആ യുദ്ധത്തിലേക്ക് ചാടിവീണു.”

ട്രംപിന് ചുറ്റുമുള്ള ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സൈനിക ഉപദേശകരൊന്നും തന്നെ ഈ യുദ്ധത്തെ ഉറക്കെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും, ട്രംപ് പൂർണമായും ഇസ്രയേലിന്റെ വഴി പിന്തുടരുക മാത്രമാണ് ചെയ്തതെന്നും കാൾസൺ കുറ്റപ്പെടുത്തി.

‘ഇന്റലിജൻസ് റിപ്പോർട്ടുകളെ അവഗണിച്ചു; നെതന്യാഹു കെണിയിലാക്കി’

ഇറാനിലെ പരമാധികാരിയായ ആയത്തുല്ല ഖാംനഇയെ വധിച്ചാൽ രാജ്യം തകർന്നടിയുമെന്ന ഇസ്രയേലിന്റെ തന്ത്രപരമായ കഥകളിൽ ട്രംപ് വീണുപോയതായി കാൾസൺ ചൂണ്ടിക്കാട്ടി. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ ഇത് തെറ്റാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ട്രംപ് അത് വിശ്വസിക്കാൻ തയ്യാറായില്ല.

”ഷിയാ ഇസ്ലാമിന്റെ തലവനായ ആയത്തുല്ലയെ വധിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക് തകരുമെന്ന് ട്രംപ് ആത്മാർത്ഥമായി വിശ്വിച്ചുപോയി. അതു സംഭവിക്കില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ, ഇസ്രയേൽ പറഞ്ഞത് മാത്രമാണ് ട്രംപ് കേട്ടത്. യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം തന്നെ ഇസ്രയേൽ പറഞ്ഞ കഥകളെല്ലാം ശുദ്ധ നുണയാണെന്ന് തെളിഞ്ഞു. താൻ കടുത്ത കെണിയിലകപ്പെട്ടുവെന്ന് ട്രംപിന് മനസ്സിലായി. അമേരിക്കൻ സമ്പദ്വ്യവസ്ഥയും ആഗോള വിപണിയും അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ഇതിന്റെ പൂർണ ഉത്തരവാദിത്തം ബെഞ്ചമിൻ നെതന്യാഹുവിന്റെ മേൽ ചുമത്തി.”

കഴിഞ്ഞ 25-30 വർഷമായി നെതന്യാഹു അമേരിക്കയുടെ ഓരോ പ്രസിഡന്റുമാർക്ക് മേലും ഈ യുദ്ധത്തിനായി കടുത്ത സമ്മർദം ചെലുത്തുന്നുണ്ടായിരുന്നുവെന്ന് കാൾസൺ ഓർമിപ്പിച്ചു. ബിൽ ക്ലിന്റൺ മുതൽ ജോ ബൈഡൻ വരെയുള്ള പ്രമുഖ പ്രസിഡന്റുമാരെല്ലാം ഈ സമ്മർദത്തെ അതിജീവിച്ചപ്പോൾ, ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രയേലിന് മുന്നിൽ പൂർണമായി കീഴടങ്ങിയത് എന്നത് ഒരു വസ്തുത മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ട്രംപിനെ ആരോ ‘ഹിപ്‌നോട്ടൈസ്’ ചെയ്തതുപോലെയാണ് പെരുമാറിയതെന്നും വാക്കുകളുടെ ശക്തിയിൽ അദ്ദേഹം വീണുപോയെന്നും കാൾസൺ പരിഹസിച്ചു.

‘അമേരിക്ക കൂടുതൽ ദുർബലമായി; തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു’

കഴിഞ്ഞ നാല് മാസത്തെ യുദ്ധം അമേരിക്കയെ ആഗോളതലത്തിൽ കൂടുതൽ ദുർബലമാക്കിയതായി കാൾസൺ വിലയിരുത്തുന്നു. ”നമ്മുടെ ഭരണാധികാരികൾക്ക് അമേരിക്കയിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ കൂടുതൽ താൽപര്യം പശ്ചിമേഷ്യയിലെ ഇസ്ലാമിക് ജിഹാദിനെ തോൽപ്പിക്കുന്നതിലാണ്. നമ്മൾ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളല്ല യഥാർത്ഥത്തിൽ രാജ്യം ഭരിക്കുന്നത്. മറിച്ച് മറ്റാരോ ആണെന്ന് ഈ ഇറാൻ യുദ്ധം ജനങ്ങളെ പഠിപ്പിച്ചു. ഈ സാഹചര്യത്തിൽ നെതന്യാഹുവാണ് കാര്യങ്ങൾ തീരുമാനിച്ചത്. വോട്ട് ചെയ്തതുകൊണ്ട് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ഒരു രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കുന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്ന കാര്യമാണ്.”’

യുദ്ധത്തിൽ പരാജയം നേരിട്ടതോടെ ട്രംപ് ഇപ്പോൾ കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. 110 ദിവസങ്ങൾക്ക് മുൻപ് സ്വീകരിച്ച നിലപാടിൽനിന്നു തികച്ചും വ്യത്യസ്തമായി ഇപ്പോൾ അദ്ദേഹം സമാധാന കരാറുകളെ പിന്തുണയ്ക്കുന്നു. തന്റെ പരാജയങ്ങളുടെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിന്റെ മേൽ കെട്ടിവെക്കാനാണ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. നെതന്യാഹു ഒരു കുറ്റവാളിയാണെന്നും അദ്ദേഹത്തോട് തനിക്ക് യാതൊരു സഹതാപവുമില്ലെന്നും കാൾസൺ വ്യക്തമാക്കി.

‘വംശഹത്യ നടത്തിയവർ ശിക്ഷിക്കപ്പെടും’

അമേരിക്കയിലും ഇസ്രയേലിലും നടക്കുന്ന കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും കാരണക്കാരായവർ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് കാൾസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നീതി എന്നത് പ്രകൃതിയുടെ യാഥാർത്ഥ്യമാണെന്നും ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ് എന്നിവർക്ക് ശിക്ഷ ലഭിക്കുമോ എന്ന ചോദ്യത്തിന്, അമേരിക്കയിലെ ഭരണാധികാരികൾക്ക് ഔദ്യോഗികമായി ഒരിക്കലും ഇവിടെ ശിക്ഷ ലഭിക്കാറില്ലെന്ന് അദ്ദേഹം മറുപടി നൽകി. അഫ്ഗാനിസ്ഥാൻ പിന്മാറ്റത്തെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വ്യവസ്ഥിതിയുടെ തകർച്ചയെ വിമർശിച്ചു:

”നമ്മുടെ വ്യവസ്ഥിതി പൂർണമായും തകർന്നിരിക്കുകയാണ്. അഫ്ഗാൻ പിന്മാറ്റത്തിലെ പാളിച്ചകളെക്കുറിച്ച് പരാതിപ്പെട്ട ഒരു മറൈൻ കേണലിനെ മാത്രമാണ് ഇവിടെ ശിക്ഷിച്ചത്. എന്നാൽ അതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം വലിയ ബഹുമതികൾ സമ്മാനിച്ചു. സത്യം പറയുന്നവർ ഇവിടെ ശിക്ഷിക്കപ്പെടുന്നു; നുണ പറയുന്നവരും ആളുകളെ കൊല്ലുന്നവരും ആദരിക്കപ്പെടുന്നു.”-കാൾസൻ വിമർശിച്ചു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നിലവിലെ സമാധാന കരാറിനെ ന്യായീകരിച്ച് രംഗത്തെത്തിയതിനെ കാൾസൺ പിന്തുണച്ചു. യുദ്ധം കാരണം ശതകോടിക്കണക്കിന് ഡോളറും അമേരിക്കൻ സൈനികരുടെ ജീവനും നഷ്ടപ്പെട്ട സാഹചര്യത്തിൽ വാൻസിന് ഔദ്യോഗിക പദവിയിൽ ഇരുന്ന് ഇതെല്ലാം ‘ലാഭകരമായിരുന്നു’ എന്ന് പറയേണ്ടി വരുന്നത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്. വാൻസ് നല്ല മനുഷ്യനാണെന്നും വാൻസ് ആണ് പ്രസിഡന്റെങ്കിൽ ഒരിക്കലും ഇത്തരമൊരു യുദ്ധത്തിന് അനുമതി നൽകില്ലായിരുന്നുവെന്നും കാൾസൺ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 27-ന് ശേഷം താൻ ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കാൾസൺ, തനിക്ക് ട്രംപിനോട് യാതൊരു വിദ്വേഷവുമില്ലെന്നും എന്നാൽ അദ്ദേഹം വരുത്തിവെച്ച ഈ കടുത്ത ദുരന്തത്തിൽ തനിക്ക് വലിയ കഷ്ടം തോന്നുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.

Also read: