‘സിറാജ് ജിഹാദി; അവളെ ഉടൻ വിവാഹം കഴിക്കും’-ആശ ഭോസ്ലെയുടെ പൊതുദർശനത്തിൽ കൊച്ചുമകളെ ആശ്വസിപ്പിച്ചതിന് സൈബർ ആക്രമണം
ആശ ഭോസ്ലെയുടെ പൊതുദര്‍ശനത്തില്‍ സനായിയെ ആശ്വസിപ്പിക്കുന്ന മുഹമ്മദ് സിറാജ്
മുംബൈ: ഇതിഹാസ ഗായിക ആഷ ഭോസ്ലെയുടെ നിര്യാണത്തെത്തുടർന്ന് അവരുടെ വസതി സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് നേരെ കടുത്ത വംശീയാധിക്ഷേപവും സൈബർ ആക്രമണവും. ആഷ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെയെ സിറാജ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ‘ലവ് ജിഹാദ്’ ആരോപണവുമായി രംഗത്തെത്തിയത്.
സനായിയും സിറാജും തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലാണ് സിറാജിനെ ലക്ഷ്യമാക്കി വൻ സൈബർ ആക്രമണം നടക്കുന്നത്. ‘ജിഹാദികൾക്ക് ആരെ ലക്ഷ്യം വെക്കണം എന്നതിനെക്കുറിച്ച് കൃത്യമായ പട്ടികയുണ്ട്. അവരുടെ അജണ്ട വ്യക്തമാണ്’ എന്നാണ് ഒരു എക്‌സ് യൂസർ കമന്റ് ചെയ്തത്. ഇത് രാഖിയല്ല, ലവ് ജിഹാദാണെന്നും ലവ് ജിഹാദിനുള്ള നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നും ചിലർ ആരോപിക്കുന്നു. സിറാജ് ആഷാ ഭോസ്ലെയുടെ സംസ്‌കാര ചടങ്ങിന് എത്തിയതിനെ സൂചിപ്പിച്ച് ‘അന്ത്യകർമ ജിഹാദ്’ എന്ന പുതിയ പ്രയോഗവുമായി മറ്റൊരാൾ രംഗത്തെത്തി.
നേരത്തെയും സിറായും സനായിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒടുവിൽ, സനായി തന്നെ സിറാജിന്റെ കൈയിൽ രാഖി കെട്ടി, തന്റെ സഹോദരനാണെന്നു വ്യക്തമാക്കി അഭ്യൂഹങ്ങൾക്ക് മറുപടിയും നൽകിയിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ളത് വെറും സഹോദരബന്ധമല്ലെന്നും, ചില മതസ്ഥരുടെ സഹോദരബന്ധം വിശ്വസിക്കരുതെന്നുമുള്ള വിദ്വേഷ കമന്റുകളാണ് പുതിയ വീഡിയോ ദൃശ്യങ്ങൾക്കു പിന്നാലെ വ്യാപകമായി വരുന്നത്.
മങ്കേഷ്‌കർ കുടുംബം ഒരു മുസ്ലിം യുവാവിനെ സഹോദരനായി അംഗീകരിച്ചത് നാണക്കേടാണെന്നും, ഇത് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചിലർ ആരോപിച്ചു. ചില മതക്കാർ സഹോദരിമാരെയും വിവാഹം കഴിക്കുമെന്നുമുള്ള വംശീയാധിക്ഷേപവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവൾ അവനെ വിവാഹം കഴിക്കും, കാത്തിരുന്ന് കണ്ടോളൂ’ എന്ന തരത്തിലുള്ള പ്രവചനങ്ങളും കമന്റ് ബോക്‌സുകളിൽ നിറഞ്ഞു.
സിറാജിന്റെ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. വളരെ താഴ്ന്ന കുടുംബ പശ്ചാത്തലത്തിൽനിന്നു വന്നൊരാളാണ് സിറാജ്. അങ്ങനെയൊരാൾക്ക് എങ്ങനെ മങ്കേഷ്‌കർ പോലെയുള്ളൊരു ഉയർന്ന നിലയിലുള്ള കുടുംബവുമായി കുടുംബസൗഹൃദം ഉണ്ടാകുമെന്ന വംശീയമായ സംശയമുയർത്തുകയാണ് ഇക്കൂട്ടർ. ഇത് കുടുംബബന്ധമല്ലെന്നും മറ്റെന്തോ ആണെന്നുമാണ് ഇവർ ആരോപിക്കുന്നത്.
സിറാജും സനായിയും തമ്മിൽ വർഷങ്ങളായുള്ള ആത്മബന്ധമാണുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025-ലെ രക്ഷാബന്ധൻ ദിനത്തിൽ സനായി സിറാജിന്റെ കൈയിൽ രാഖി കെട്ടുന്ന വീഡിയോയും, സിറാജിനെ ‘പ്രിയപ്പെട്ട സഹോദരൻ’ എന്ന് വിളിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും നിലവിലുണ്ട്. സനായിയുടെ മുത്തശ്ശി മരിച്ച ദുഃഖസാഹചര്യത്തിൽ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ചതിനെയാണ് സൈബർ ലോകം ക്രൂരമായ രീതിയിൽ വളച്ചൊടിക്കുന്നത്.
സിറാജിനെതിരെയുള്ള ഈ ആസൂത്രിത ആക്രമണത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ദുഃഖത്തിൽ കഴിയുന്ന ഒരു കുടുംബത്തെ സന്ദർശിച്ചതിനെ വർഗീയമായി കാണുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സിറാജോ ഭോസ്ലെ കുടുംബമോ ഈ സൈബർ ആക്രമണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരിയറിൽ മികച്ച ഫോമിലുള്ള സിറാജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.