ഇറാനിൽ ഇൻറർനെറ്റ് നിരോധനം ശക്തം; രഹസ്യമായി വിതരണമൊരുക്കി നിഗൂഢശൃംഖല
തെഹ്റാൻ: ഇറാനിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ ഇൻ്റർനെറ്റ് നിരോധനം മറികടക്കാൻ ഒരു നിഗൂഢ ശൃംഖല വഴി സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്തേക്ക് ഒളിച്ചുകടത്തുന്നതായി റിപ്പോർട്ടുകൾ. 2026 ജനുവരിയിൽ രാജ്യത്തുണ്ടായ വലിയ പ്രക്ഷോഭങ്ങളെത്തുടർന്നാണ് അധികൃതർ ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
ഈ സാഹചര്യത്തിലാണ് സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി രാജ്യത്തേക്ക് എത്തിച്ച് ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഒരു ടെർമിനൽ ഉപയോഗിച്ച് ഒരേസമയം പലർക്കും കണക്ഷൻ നൽകാൻ കഴിയുന്നത് ഈ മാർഗ്ഗത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. എന്നാൽ 2025-ൽ ഇറാൻ പാസാക്കിയ നിയമപ്രകാരം സ്റ്റാർലിങ്ക് ഉപകരണങ്ങൾ കൈവശം വെക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇവ ഉപയോഗിക്കുന്നവർക്ക് രണ്ട് വർഷം വരെയും, പത്തിൽ കൂടുതൽ യൂണിറ്റുകൾ വിതരണം ചെയ്യുന്നവർക്ക് പത്ത് വർഷം വരെയും ജയിൽ ശിക്ഷ ലഭിക്കാം. ഏപ്രിൽ മാസത്തിൽ ഇത്തരത്തിൽ ഉപകരണങ്ങൾ കടത്തിയതിന് രണ്ട് വിദേശികളടക്കം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ നൂറോളം പേർ ഇത്തരം കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് ഡിജിറ്റൽ അവകാശ ഗ്രൂപ്പുകളുടെ കണക്ക്.
മനുഷ്യാവകാശ സംഘടനയായ ‘വിറ്റ്നസ്’ നൽകുന്ന വിവരമനുസരിച്ച് ജനുവരി മാസത്തിൽ മാത്രം ഏകദേശം 50,000 സ്റ്റാർലിങ്ക് ഉപകരണങ്ങൾ ഇറാനിൽ ഉപയോഗത്തിലുണ്ട്. ‘നാഗ്നെറ്റ്’ എന്ന ടെലിഗ്രാം ചാനൽ വഴി മാത്രം കഴിഞ്ഞ രണ്ടര വർഷത്തിനിടെ 5,000 ടെർമിനലുകൾ വിറ്റഴിച്ചതായും റിപ്പോർട്ടുകളുണ്ട്. വിദേശത്ത് താമസിക്കുന്ന ഇറാനികളും മറ്റും നൽകുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ പങ്കുവെക്കാൻ ഇൻ്റർനെറ്റ് അത്യാവശ്യമാണെന്നും, അതുകൊണ്ടാണ് ഇത്തരം സാഹസികമായ വിതരണ ശൃംഖലകൾ പ്രവർത്തിക്കുന്നതെന്നും ഇതിന് പിന്നിലുള്ളവർ വ്യക്തമാക്കുന്നു.