03/05/2026
[fontresizer_tawhidurrahmandear_widget]

രേഖാ ഗുപ്താജീ എന്റെ വാക്കുകൾ കേൾക്കൂ…16 വയസുള്ള തന്റെ ഏക മകനെ ക്രൂരമായി കുത്തിക്കൊന്ന പ്രതികളെ കണ്ടെത്തണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് യാചിച്ച് മാതാവ്

 രേഖാ ഗുപ്താജീ എന്റെ വാക്കുകൾ കേൾക്കൂ…16 വയസുള്ള തന്റെ ഏക മകനെ ക്രൂരമായി കുത്തിക്കൊന്ന പ്രതികളെ കണ്ടെത്തണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് യാചിച്ച് മാതാവ്

ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ത്രിലോക്പുരിയിൽ കൊല്ലപ്പെട്ട തന്റെ മകന് നീതി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് യാചിച്ച് അയാൻ സൈഫിയുടെ മാതാവ്. ഏപ്രിൽ 30നാണ് 16കാരനായ അയാനെ എട്ടോളം വരുന്ന സംഘം ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ‘എന്റെ മകൻ മാത്രമായിരുന്നു എന്റെ ഏക ആശ്രയം… എനിക്കിപ്പോൾ ആരുമില്ല. ദയവായി എനിക്ക് നീതി വാങ്ങി തരണം, ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. മറ്റ് ബന്ധുക്കളുടെയൊന്നും പിന്തുണയില്ലാതെ അവർ ഒറ്റയ്ക്കാണ് ഈ ഏക മകനെ വളർത്തിയത്.

പ്രദേശത്തുള്ള ഒരു പാർക്കിന് സമീപത്ത് വെച്ചാണ് ഒരു സംഘം അയാനെ വളഞ്ഞിട്ട് കുത്തിക്കൊന്നത്. അക്രമികൾ ചെറുപ്പക്കാരല്ല, മറിച്ച് 30 വയസ്സിനോടടുത്തു പ്രായമുള്ളവരായിരുന്നുവെന്ന് കുടുംബാംഗങ്ങളും ദൃക്‌സാക്ഷികളും പറയുന്നു. മുൻപ് യാതൊരുവിധ പ്രശ്‌നങ്ങളിലും നേരിട്ട് ഇടപെടാത്ത അയാനെ അവർ പിന്തുടർന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ പലയിടത്തായി ക്രൂരമായി കുത്തേറ്റ അയാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പഠനത്തോടൊപ്പം അമ്മയെ അവരുടെ ദൈനംദിന ജോലികളിൽ സഹായിച്ചിരുന്ന, കുടുംബത്തിന്റെ അത്താണിയായിരുന്നു ഈ പതിനാറുകാരൻ. അവന് നേരെ മുൻപും ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും, ചിലർ അവനെ മതപരമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തം നഗറിൽ അടുത്തിടെ നടന്ന തരുൺ ഖാതിക് കൊലപാതകത്തിൽ ബുൾഡോസർ ഉപയോഗിച്ചുള്ള നടപടികൾ ഉൾപ്പെടെ അധികാരികളുടെ ഭാഗത്ത് നിന്നും വളരെ വേഗത്തിൽ ഉണ്ടായപ്പോൾ, തന്റെ മകന്റെ കേസിൽ മാത്രം ഈ മെല്ലെപ്പോക്ക് എന്തുകൊണ്ടാണെന്ന് മാതാവ് കണ്ണീരോടെ ചോദിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പോ ഇല്ലാത്തതിൽ അവർ കടുത്ത നിരാശയിലാണ്.

രാത്രി ഏകദേശം എട്ടരയോടെയാണ് അയാൻ അവിടെ എത്തിയതെന്നും, പെട്ടെന്ന് തന്നെ അവൻ ആക്രമിക്കപ്പെട്ടുവെന്നും പ്രദേശവാസിയായ ഒരു ബന്ധു പറഞ്ഞു. ‘വിശാൽ പാഗൽ’ എന്ന് വിളിക്കുന്ന ഒരാളും, അടുത്തിടെ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ മറ്റൊരാളും അക്രമികളിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുൻപും സാമുദായിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ള ത്രിലോക്പുരി പോലൊരു ജനവാസ മേഖലയിലുള്ള ഇത്തരം സംഘർഷങ്ങളാകാം ഇതിന് പിന്നിലെന്നും, ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, വിശദമായ അന്വേഷണം നടത്തി അവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നുമാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇരകളുടെ പശ്ചാത്തലം നോക്കിയാണ് അധികാരികൾ ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതെന്ന വിവേചനത്തെ അവർ എടുത്തുകാണിക്കുകയും, എല്ലാവർക്കും വേഗത്തിൽ തുല്യനീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഡൽഹി പോലീസ് സുതാര്യമായി പ്രവർത്തിക്കണമെന്നും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയണമെന്നും നാട്ടുകാരും കുടുംബാംഗങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്.

Also read: