പെട്രോൾ, ഡീസൽ വില വീണ്ടുംകൂടി; 10 ദിവസത്തിനിടെ മൂന്നാമത്തെ വർധന
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ധനവിലയിലുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. ഇതോടെ വെറും പത്ത് ദിവസത്തിനിടെ ഒരു ലിറ്റർ ഇന്ധനത്തിന് രാജ്യത്ത് അഞ്ച് രൂപയോളമാണ് വർധിച്ചത്.
പുതിയ വർധനവോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി നിരക്ക് ഉയർന്നുവെന്ന് ഡീലർമാർ വ്യക്തമാക്കി. കഴിഞ്ഞ മെയ് 15-ന് ലിറ്ററിന് മൂന്ന് രൂപയും, മെയ് 19-ന് 90 പൈസയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം സ്റ്റോക്കുണ്ടെന്ന് സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പിന് പിന്നാലെയാണ് ജനങ്ങൾക്ക് ഇരുട്ടടിയായി വില വീണ്ടും വർധിപ്പിച്ചത്.