“ജനങ്ങൾ അർപ്പിച്ച വിശ്വാസം ഉയർത്തിപ്പിടിക്കുക”; വിജയ്ക്ക് ആശംസകളുമായി പിണറായി വിജയൻ
തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് ആശംസകൾ നേർന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനാധിപത്യത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തമിഴ് ജനത അർപ്പിച്ച വിശ്വാസം ഉയർത്തിപ്പിടിക്കാനും സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ചവെക്കാൻ വിജയ്ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും കേരളവും തമിഴ്നാടും തമ്മിലുള്ള ദീർഘകാല സഹകരണം തുടർന്നും ഉണ്ടാകുമെന്ന് പിണറായി വിജയൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം തന്റെ സന്ദേശത്തിൽ കുറിച്ചു.
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. അധികാരമേറ്റയുടൻ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ആദ്യ ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫോഴ്സ്, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളാണ് വിജയ് തന്റെ ആദ്യ പ്രവർത്തിദിനം തന്നെ കൈക്കൊണ്ടത്.