12/06/2026
[fontresizer_tawhidurrahmandear_widget]

‘പോലീസ് സ്റ്റേഷനിൽ ആര് വന്നാലും ​ഗുഡ് മോർണിങ് പറയും; സ്വീകരിച്ചിരുത്തി പരാതി കേൾക്കും’; കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പുതിയ മുഖം വരുമെന്ന് രമേശ് ചെന്നിത്തല

 ‘പോലീസ് സ്റ്റേഷനിൽ ആര് വന്നാലും ​ഗുഡ് മോർണിങ് പറയും; സ്വീകരിച്ചിരുത്തി പരാതി കേൾക്കും’; കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പുതിയ മുഖം വരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാൻ പുതിയ പരിഷ്കാരങ്ങളൊരുങ്ങുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരെ ഇനിമുതൽ ‘ഗുഡ് മോർണിങ്’ പറഞ്ഞ് സ്വീകരിക്കുമെന്നും, അവരെ ബഹുമാനത്തോടെ ഇരുത്തി പരാതികൾ കേൾക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം നൽകുകയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിൽ വരുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായി കാണുന്ന രീതി മാറണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വ്യക്തി എന്ന നിലയിൽ അവർക്ക് പറയാനുള്ള കാര്യങ്ങൾ സമചിത്തതയോടെ കേൾക്കാനും അത് പരിഹരിക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പോലീസ് സ്റ്റേഷനുകളെ പൂർണ്ണമായും ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരിക്കും കേരള പോലീസ് ഇനി മുതൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പോലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള കർശന നടപടികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി തുരുമ്പെടുത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക നടപടികൾ സ്വീകരിക്കും.

നേരത്തെ പോലീസ് സ്റ്റേഷനുകളുടെ പൂർണ്ണ ചുമതല എസ്.ഐമാർക്കായിരുന്നു. പിന്നീട് അത് സി.ഐമാർക്ക് (എസ്.എച്ച്.ഒ) നൽകിയതോടെ എസ്.ഐമാർക്കുള്ള അധികാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഈ രീതി മാറി, ഇനിമുതൽ സ്റ്റേഷനുകളിൽ എസ്.ഐമാർക്കും സി.ഐമാർക്കും ഡിവൈഎസ്പിമാർക്കും കൃത്യമായ ചുമതലകൾ നൽകണമെന്ന നിർദേശം ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയം വിശദമായി പഠിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇതിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: