‘ഭാര്യയെ മൃഗത്തെപ്പോലെ കാണരുത്, അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്’; സുപ്രീം കോടതി
ന്യൂഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയായ ബിഹാർ സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ച് കർശന നിലപാട് സ്വീകരിച്ചത്. ഭർത്താവിന്റെ ക്രൂരതകൾക്കെതിരെ ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെ നിലത്തിട്ട് ചവിട്ടുകയും വടികൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതി നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാളുടെ ക്രൂരത സഹിക്കാനാകാതെയാണ് മുൻഭാര്യമാർ ഉപേക്ഷിച്ചു പോയതെന്നും കോടതി ചൂണ്ടിക്കാട്ടി. “എന്തിനാണ് ഭാര്യയെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്നത്?” എന്ന് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ച കോടതി, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
കേസിലെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു. പ്രതി ഉടൻ തന്നെ പോലീസിന് മുൻപാകെ കീഴടങ്ങണമെന്നും അതിനുശേഷം നിയമപരമായ ജാമ്യനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദ്ദേശിച്ചു.