11/05/2026
[fontresizer_tawhidurrahmandear_widget]

കാണാതായ യുഎസ് സൈനികരിൽ ഒരാളുടെ മൃതദേഹം അറ്റ്‌ലാന്റിക് സമുദ്രത്തിൽ; മറ്റൊരാളെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനാകാതെ സൈന്യം

 കാണാതായ യുഎസ് സൈനികരിൽ ഒരാളുടെ മൃതദേഹം അറ്റ്‌ലാന്റിക് സമുദ്രത്തിൽ; മറ്റൊരാളെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനാകാതെ സൈന്യം

റബാത്ത്: മൊറോക്കോയിൽ നടന്ന ‘ആഫ്രിക്കൻ ലയൺ’ സംയുക്ത സൈനികാഭ്യാസത്തിനിടെ കാണാതായ രണ്ട് അമേരിക്കൻ സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ. ആർട്ടിലറി യൂണിറ്റിലെ പ്ലാറ്റൂൺ ലീഡറായ ഫസ്റ്റ് ലഫ്റ്റനന്റ് കെൻഡ്രിക് ലാമോണ്ട് കീ ജൂനിയറിന്റെ മൃതദേഹമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു കണ്ടെത്തിയത്. വിവരം യുഎസ് ആർമി സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തോടൊപ്പം കാണാതായ രണ്ടാമത്തെ സൈനികനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയ ദീർഘമായ തിരച്ചിലിനൊടുവിലാണ് ആശ്വാസ വാർത്ത വരുന്നത്. മൊറോക്കോയുടെ പടിഞ്ഞാറൻ തീരത്ത് താൻ-താൻ പ്രവിശ്യയിലെ സമുദ്രമേഖലയിൽനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. യുഎസ് ആഫ്രിക്ക കമാൻഡും മൊറോക്കൻ നാവികസേനയും സംയുക്തമായാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സോണാർ സംവിധാനങ്ങളും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രണ്ടാം സൈനികനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

സൈനിക പരിശീലനത്തിനിടയിലല്ല, മറിച്ച് ഡ്യൂട്ടിക്ക് ശേഷമുള്ള ഒരു വിനോദയാത്രയ്ക്കിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലനിരകളും മരുഭൂമികളും നിറഞ്ഞ ക്യാപ് ഡ്രാ മേഖലയിലെ ഒരു പാറക്കെട്ടിൽനിന്ന് ഇരുവരും അബദ്ധത്തിൽ കടലിലേക്ക് വീഴുകയായിരുന്നു. മെയ് ഒൻപതിന് പ്രാദേശിക സമയം രാവിലെ 8:55-ഓടെ മൊറോക്കൻ സൈനിക സംഘമാണ് തീരത്തോട് ചേർന്നുള്ള വെള്ളത്തിൽനിന്ന് കെൻഡ്രിക്കിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവർ വീണതായി കരുതപ്പെടുന്ന സ്ഥലത്തിന് ഒരു മൈൽ മാത്രം അകലെയായിരുന്നു മൃതദേഹം.

കാണാതായ രണ്ടാമത്തെ സൈനികനെ കണ്ടെത്താനായി അമേരിക്ക, മൊറോക്കോ, മറ്റ് സഖ്യരാജ്യങ്ങൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 600-ലധികം സൈനികർ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഫ്രിഗേറ്റുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള വലിയ സന്നാഹമാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സൈനികാഭ്യാസം അവസാനിച്ചുവെങ്കിലും, തിരച്ചിൽ തുടരാൻ ഒരു പ്രത്യേക യുഎസ് സംഘം മൊറോക്കോയിൽ തുടരുകയാണ്. രണ്ടാമത്തെ സൈനികനെ കണ്ടെത്തുന്നത് വരെ ദൗത്യം തുടരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2023-ൽ സൈനിക സേവനത്തിൽ പ്രവേശിച്ച കെൻഡ്രിക്, 2024-ലാണ് ഓഫീസർ പദവിയിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. ഒക്ലഹോമയിലെ ഫോർട്ട് സില്ലിൽനിന്ന് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം, സൈന്യത്തിന്റെ മികവിനുള്ള ആർമി അച്ചീവ്മെന്റ് മെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്.

അതേസമയം, സൈനികരുടെ തിരോധാനത്തിന് പിന്നിൽ മറ്റേതെങ്കിലും അട്ടിമറി സാധ്യതകളുണ്ടോ എന്ന കാര്യവും സൈനിക ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. കാണാതായ രണ്ടാമത്തെ സൈനികനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മൊറോക്കൻ സൈനിക വക്താവ് അറിയിച്ചു.

2004 മുതൽ ആഫ്രിക്കയിൽ നടന്നു വരുന്ന ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമാണ് ആഫ്രിക്കൻ ലയൺ. ഇത്തവണ മൊറോക്കോ, തുനീഷ്യ, ഘാന, സെനഗൽ എന്നീ നാല് രാജ്യങ്ങളിലായി നടന്ന അഭ്യാസത്തിൽ 30-ലധികം രാഷ്ട്രങ്ങളിൽനിന്നുള്ള 7,000-ത്തോളം സൈനികരാണ് പങ്കെടുത്തത്. മുൻപും ഇതേ പരിശീലനത്തിനിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 2012ൽ മൊറോക്കോയിലെ അഗദിറിൽ സൈനികാഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് യുഎസ് മറീനുകൾ കൊല്ലപ്പെട്ടിരുന്നു.

Also read: