കാർ നിർമാണം നിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങൾ നിർമിക്കാൻ അമേരിക്ക; വാഹന ഭീമന്മാരുടെ സഹായം തേടി പെന്റഗൺ
വാഷിങ്ടൺ: പശ്ചിമേഷ്യ ഉൾപ്പെടെ ആഗോളതലത്തിൽ മുറുകുന്ന യുദ്ധസാഹചര്യങ്ങളും ആയുധശേഖരത്തിലുണ്ടായ കുറവും പരിഗണിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് നിർണായക നീക്കത്തിലേക്ക്. ജനറൽ മോട്ടോഴ്സ്, ഫോർഡ് തുടങ്ങിയ പ്രമുഖ കാർ നിർമാതാക്കളോടും മറ്റ് വൻകിട വ്യവസായ ഗ്രൂപ്പുകളോടും ആയുധ നിർമാണ രംഗത്ത് സഹകരിക്കാൻ ട്രംപ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം അമേരിക്കയുടെ വ്യവസായ മേഖലയെ ‘യുദ്ധകാലാടിസ്ഥാനത്തിൽ’ പ്രതിരോധരംഗത്ത് സജ്ജമാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് വാർത്ത പുറത്തുവിട്ടത്.
പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ജനറൽ മോട്ടോഴ്സ്(ജിഎം) സി.ഇ.ഒ മേരി ബാറ, ഫോർഡ് മോട്ടോർ സി.ഇ.ഒ ജിം ഫാർലി എന്നിവരുൾപ്പെടെയുള്ള വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആയുധശേഖരം വർധിപ്പിക്കുന്നതിനായി കമ്പനികളുടെ മനുഷ്യവിഭവശേഷിയും ഫാക്ടറി സൗകര്യങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു ചർച്ചയുടെ പ്രധാന അജണ്ട. പരമ്പരാഗത പ്രതിരോധ കരാർ കമ്പനികളെ പിന്തുണയ്ക്കാൻ ഈ കമ്പനികൾക്ക് എത്രവേഗത്തിൽ സിവിലിയൻ നിർമാണത്തിൽനിന്ന് പ്രതിരോധ നിർമാണത്തിലേക്ക് മാറാൻ കഴിയുമെന്ന് പെന്റഗൺ ആരാഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം ലോകയുദ്ധത്തിന് സമാനമായ നീക്കങ്ങൾ
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഡെട്രോയിറ്റിലെ കാർ ഫാക്ടറികൾ യുദ്ധവിമാനങ്ങളും ടാങ്കുകളും നിർമിക്കുന്ന കേന്ദ്രങ്ങളായി മാറിയ ചരിത്രപരമായ മാതൃകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. നിലവിൽ യുക്രെയ്ൻ, ഇറാൻ എന്നിവിടങ്ങളിലെ യുദ്ധങ്ങൾ കാരണം അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മിസൈലുകൾ, കൗണ്ടർ ഡ്രോൺ സാങ്കേതികവിദ്യ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ ഉത്പാദനം അടിയന്തരമായി വർധിപ്പിക്കേണ്ടത് ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ കമ്പനികളെ ബോധിപ്പിച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രധാന കമ്പനികളും അവരുടെ പ്രതിരോധ പങ്കാളിത്തവും എങ്ങനെയെന്നു പരിശോധിക്കാം. സൈനിക ട്രക്കുകൾ നിർമിക്കുന്ന വിസ്‌കോൺസിൻ ആസ്ഥാനമായുള്ള ഓഷ്‌കോഷ് കോർപറേഷൻ ഇതിനകം തന്നെ പെന്റഗണുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ആഹ്വാനപ്രകാരം നവംബർ മുതൽ തന്നെ തങ്ങൾ ഇതിനായി സജ്ജമാണെന്ന് കമ്പനി വ്യക്തമാക്കി.
വിമാന എഞ്ചിൻ നിർമാണത്തിലെ പ്രമുഖരായ ജിഇ എയ്റോസ്പേസും ചർച്ചകളിൽ ഭാഗമാണ്. നിലവിൽ ചെവർലെ കൊളറാഡോ പിക്ക്-അപ്പിനെ അടിസ്ഥാനമാക്കി ചെറിയ സൈനിക വാഹനങ്ങൾ നിർമിക്കുന്ന ജനറൽ മോട്ടോഴ്സ്, ഭാവിയിൽ ഹംവീകൾക്ക് പകരമായി വലിയ ഇൻഫൻട്രി സ്‌ക്വാഡ് വാഹനങ്ങൾ നിർമിക്കാനുള്ള മത്സരത്തിലാണ്.
കടമ്പകളും പരിഷ്‌കാരങ്ങളും
സിവിലിയൻ കമ്പനികൾക്ക് ആയുധ നിർമാണത്തിലേക്ക് കടക്കുന്നതിന് തടസ്സമായി നിൽക്കുന്ന കരാർ നിയമങ്ങൾ, ലേലം വിളിക്കുന്ന പ്രക്രിയയിലെ സങ്കീർണതകൾ എന്നിവയെക്കുറിച്ച് ചർച്ചയിൽ അവലോകനം നടത്തി. ഈ തടസ്സങ്ങൾ നീക്കി സിവിലിയൻ സാങ്കേതികവിദ്യകളെ പ്രതിരോധ രംഗത്ത് പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
മുമ്പ് കോവിഡ് മഹാമാരിയുടെ സമയത്ത് വെന്റിലേറ്ററുകൾ നിർമിക്കാൻ ജി.എം, ഫോർഡ് എന്നീ കമ്പനികൾ സഹകരിച്ചത് ട്രംപ് ഭരണകൂടം ഈ അവസരത്തിൽ ചൂണ്ടിക്കാട്ടുന്നു. യുദ്ധമുഖത്ത് അമേരിക്കയുടെ മേധാവിത്വം നിലനിർത്താൻ സിവിലിയൻ വ്യവസായ മേഖലയുടെ പരിവർത്തനം അനിവാര്യമാണെന്ന് പ്രതിരോധ വക്താക്കൾ വ്യക്തമാക്കി. വരും വർഷങ്ങളിൽ അമേരിക്കൻ വ്യവസായ ഭീമന്മാരുടെ പ്ലാന്റുകളിൽനിന്ന് കാറുകൾക്കൊപ്പം തന്നെ അത്യാധുനിക ഡ്രോണുകളും മിസൈലുകളും പുറത്തിറങ്ങുന്ന കാഴ്ചയാകും ലോകം കാണാൻ പോകുന്നത്.