കുർദ് മേഖലയിൽ വൻ തോതിൽ ആയുധശേഖരം ഇറക്കി അമേരിക്ക? വമ്പൻ നീക്കം പൊളിച്ച് ഇറാൻ സൈന്യം
തെഹ്റാൻ/എർബിൽ: ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വമ്പൻ പടയൊരുക്കം തകർത്ത് ഇറാൻ സൈന്യം. വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽനിന്ന് അതിർത്തി കടത്തി ഇറാനിലേക്ക് കടത്താൻ ശ്രമിച്ച നൂറുകണക്കിന് അത്യാധുനിക അമേരിക്കൻ ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) പിടിച്ചെടുത്തു. ഇറാൻ വാർത്താ ഏജൻസികളാണു വാർത്ത പുറത്തുവിട്ടത്.
ഇറാന്റെ പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ കുർദിസ്ഥാനിലെ ബാനെ നഗരത്തിൽ വെച്ചാണ് അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ അമേരിക്കയുടെ ആയുധക്കടത്ത് ശൃംഖലയെ ഐആർജിസി തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ ഇറാഖ് (ഇറാഖി കുർദിസ്ഥാൻ) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് അമേരിക്ക ഈ നീക്കം നടത്തിയതെന്ന് ഐആർജിസിയുടെ ഹംസ സയ്യിദ് അൽ-ഷുഹദാ ബേസ് പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഇറാനിൽ നിലവിലുള്ള യുദ്ധസാഹചര്യം മുതലെടുത്ത് രാജ്യത്തിനകത്ത് വലിയ തോതിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയോ അമേരിക്കയുടെ ഭാവി സൈനിക പദ്ധതികൾക്ക് നിലമൊരുക്കുകയോ ആയിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ഇറാൻ വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്.
ഇറാനിലെ പ്രതിഷേധക്കാർക്ക് കുർദുകൾ വഴി തങ്ങൾ വൻതോതിൽ ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. അതേസമയം, തങ്ങൾക്കെതിരെയുള്ള ഇറാന്റെ ആരോപണങ്ങൾ ഇറാഖി കുർദിസ്ഥാനിലെ ഭരണകക്ഷികളായ കെഡിപി, പിയുകെ എന്നിവരും മറ്റ് കുർദിഷ് ഗ്രൂപ്പുകളും നിഷേധിച്ചിട്ടുണ്ട്.
ആയുധക്കടത്തിന് പിന്നിൽ പ്രവർത്തിച്ച വിദേശ ശക്തികൾക്കും രാജ്യത്തിനകത്തുള്ള അവരുടെ സഹായികൾക്കും ഐആർജിസി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ‘ഇറാന്റെ സുരക്ഷയെയും പരമാധികാരത്തെയും തകർക്കാൻ ശ്രമിക്കുന്ന ഏത് അധിനിവേശ നീക്കങ്ങളെയും കടുത്ത കൈയോടെ നേരിടും. ഞങ്ങളുടെ പ്രത്യാക്രമണം ശത്രുക്കളെ പശ്ചാത്തപിപ്പിക്കും,’ ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
പിടിച്ചെടുത്ത ആയുധശേഖരത്തിൽ അത്യാധുനിക യുഎസ് നിർമിത തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉൾപ്പെടുന്നുണ്ടെന്നും, സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായും ഇന്റലിജൻസ് വിഭാഗം അറിയിച്ചു.