11/05/2026
[fontresizer_tawhidurrahmandear_widget]

ഖത്തർ ആകാശത്ത് യുഎസ് യുദ്ധവിമാനം കാണാതായി; റഡാറുകളിൽനിന്ന് അപ്രത്യക്ഷമായി ‘പറക്കും ഗ്യാസ് സ്റ്റേഷൻ’ കെസി-135 സ്ട്രാറ്റോടാങ്കർ

 ഖത്തർ ആകാശത്ത് യുഎസ് യുദ്ധവിമാനം കാണാതായി; റഡാറുകളിൽനിന്ന് അപ്രത്യക്ഷമായി ‘പറക്കും ഗ്യാസ് സ്റ്റേഷൻ’ കെസി-135 സ്ട്രാറ്റോടാങ്കർ

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഖത്തറിന് മുകളിൽ യുഎസ് യുദ്ധവിമാനം കാണാതായതായി റിപ്പോർട്ടുകൾ. നാവികസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെസി-135 സ്ട്രാറ്റോടാങ്കർ ആണ് അപ്രത്യക്ഷമായത്. ‘പറക്കും ഗ്യാസ് സ്റ്റേഷൻ’ എന്നറിയപ്പെടുന്ന ഈ വിമാനം പേർഷ്യൻ ഗൾഫിന് മുകളിൽ പറക്കുന്നതിനിടെ അടിയന്തര അപായ സിഗ്‌നൽ നൽകുകയും മിനിറ്റുകൾക്കകം റഡാറുകളിൽനിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.

യുഎഇയിലെ അൽ ദാഫ്ര എയർ ബേസിൽനിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് ടാങ്കർ വിമാനം നിയോഗിക്കപ്പെട്ടിരുന്നത്. പേർഷ്യൻ ഗൾഫിന് മുകളിലൂടെ സഞ്ചരിക്കവെ, വിമാനം പെട്ടെന്ന് ‘7700’ എന്ന അടിയന്തര അപായ കോഡ് പുറപ്പെടുവിച്ചു. പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ ഗുരുതരമായ സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ ആണ് ഈ കോഡ് ഉപയോഗിക്കുന്നത്.

ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം യുഎഇയിൽനിന്ന് പുറപ്പെട്ട വിമാനം പേർഷ്യൻ ഗൾഫിന് മുകളിലെത്തിയ ഉടൻ അപായ സിഗ്‌നൽ നൽകി. താഴേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി വിമാനം കുറച്ചുനേരം വട്ടമിട്ട് പറന്നു. പിന്നാലെ ഖത്തറിന് സമീപത്താണ് വിമാനത്തിൽനിന്നുള്ള സിഗ്‌നലുകൾ പൂർണമായും നഷ്ടമായത്.

പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സംഭവം വലിയ യുഎസ് സൈന്യത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാൻ നാവികസേനയുടെ സാന്നിധ്യമുള്ള മേഖലയിലൂടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്. എന്നാൽ, വിമാനം തകർന്നതാണോ അതോ സാങ്കേതിക തകരാറുകൾ മൂലം അടിയന്തരമായി എവിടെയെങ്കിലും ഇറക്കിയതാണോ എന്ന കാര്യത്തിൽ പെന്റഗണോ യുഎസ് സെൻട്രൽ കമാൻഡോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ മാർച്ചിൽ ഇറാഖിൽ വെച്ച് സമാനമായ ഒരു കെസി-135 വിമാനം ആക്രമിക്കപ്പെടുകയും തകരുകയും ചെയ്തിരുന്നു. അന്ന് ഇറാൻ അനുകൂല സായുധ സംഘം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത്തവണ ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, അവരുടെ വാർത്താ ഏജൻസികൾ വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മേഖലയിൽ ഇലക്ട്രോണിക് ജാമിങ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ റഡാറുകളിൽനിന്ന് സിഗ്‌നലുകൾ നഷ്ടപ്പെടുന്നത് സാധാരണമാണെന്നും ഇത് വിമാനം തകർന്നതിന് തെളിവല്ലെന്നും ചില പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിരുന്നാലും, യുഎസ് സേനയുടെ നിർണായക ആയുധമായ സ്ട്രാറ്റോടാങ്കർ കാണാതായത് പശ്ചിമേഷ്യയിലെ സൈനിക നടപടികളെ സാരമായി ബാധിച്ചേക്കാം.

ആഴ്ചകൾക്കുമുൻപ് ഇറാഖിൽ യുഎസ് സൈന്യത്തിന്റെ മറ്റൊരു കെസി-135 സ്ട്രാറ്റോടാങ്കർ തകർന്നുവീണിരുന്നു. യുദ്ധവിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഇറാഖ്-ജോർദാൻ അതിർത്തിയിലെ തുറൈബിലിന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാഖിൽ ഇറാനെതിരെയുള്ള യുദ്ധമുഖത്ത് ദൗത്യത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ഈ വിമാനം.

രണ്ട് വിമാനങ്ങൾ ഉൾപ്പെട്ട ദൗത്യത്തിനിടയിലാണ് അപകടം നടന്നത്. ഇതിൽ രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനങ്ങൾ തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും യഥാർഥത്തിൽ സംഭവിച്ചതെന്താണെന്നതിനെ കുറിച്ച് ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ശത്രുക്കളുടെയോ സുഹൃദ് രാജ്യങ്ങളുടെയോ ആക്രമണം മൂലം ഉണ്ടായ അപകടമല്ല ഇതെന്ന് യുഎസ് സൈന്യം ആദ്യം അറിയിച്ചിരുന്നു. എന്നാൽ, തങ്ങളുടെ സഖ്യകക്ഷികൾ മിസൈൽ ഉപയോഗിച്ച് വിമാനം തകർക്കുകയായിരുന്നുവെന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടത്. ഇറാൻ അനുകൂല സായുധ സംഘങ്ങൾക്ക് സ്വാധീനമുള്ള മേഖലയിലാണ് അപകടം നടന്നത്.

Also read: