24/06/2026
[fontresizer_tawhidurrahmandear_widget]

സ്‌പെയിനിനു വേണ്ടി പന്തു തട്ടുമ്പോഴും യമാലിന്റെ ബൂട്ടിൽ 2 ആഫ്രിക്കൻ രാജ്യങ്ങളുടെ പതാക! ആ രഹസ്യം അറിയുമോ? | Lamine Yamal

 സ്‌പെയിനിനു വേണ്ടി പന്തു തട്ടുമ്പോഴും യമാലിന്റെ ബൂട്ടിൽ 2 ആഫ്രിക്കൻ രാജ്യങ്ങളുടെ പതാക! ആ രഹസ്യം അറിയുമോ? | Lamine Yamal

മാഡ്രിഡ്: ഫിഫ ലോകകപ്പ് വേദികളിൽ സ്‌പെയിൻ ദേശീയ ടീമിനായി വിസ്മയം തീർക്കുമ്പോഴും, തന്റെ ബൂട്ടുകളിലൂടെ ഫുട്‌ബോൾ ലോകത്തിന് പുതിയൊരു സന്ദേശം നൽകുകയാണ് ബാഴ്‌സലോണയുടെ കൗമാര സൂപ്പർതാരം ലമീൻ യമാൽ(Lamine Yamal boot flag). സ്‌പെയിൻ ജേഴ്‌സിയിൽ കളത്തിലിറങ്ങുന്ന യമാൽ, തന്റെ ‘അഡിഡാസ് എഫ്50’ ബൂട്ടുകളിൽ സ്‌പെയിന്റെ പതാകയ്ക്ക് പകരം മറ്റ് രണ്ട് ആഫ്രിക്കൻ രാജ്യങ്ങളുടെ പതാകകളാണ് പതിപ്പിച്ചിരിക്കുന്നത്. മൊറോക്കോ, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളുടെ പതാകകൾ ബൂട്ടിൽ ധരിച്ചാണ് ഈ പതിനെട്ടുകാരൻ ലോകകപ്പ് മത്സരങ്ങളിൽ കളത്തിലിറങ്ങുന്നത്. അതിന്റെ രഹസ്യം എന്താണെന്നു പരിശോധിക്കാം…

പതാകകൾക്ക് പിന്നിലെ കുടുംബ പശ്ചാത്തലം

ലമീൻ യമാൽ ജനിച്ചതും വളർന്നതും സ്‌പെയിനിലെ ബാഴ്‌സലോണയിലാണ്. സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയായ ലാ മാസിയയിലൂടെയാണ് താരം വളർന്നുവന്നത്. എന്നാൽ, യമാലിന്റെ കുടുംബ പശ്ചാത്തലം മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുമായി ഇഴചേർന്നുകിടക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് മൊറോക്കോ സ്വദേശിയാണ്. മാതാവ് ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയക്കാരിയും.

താൻ സ്‌പെയിനായി അന്താരാഷ്ട്ര തലത്തിൽ കളിക്കുമ്പോഴും, തന്റെ മാതാപിതാക്കളെ രൂപപ്പെടുത്തിയ നാടുകളെ മറക്കാൻ യമാൽ തയാറല്ല. അറ്റ്‌ലാന്റയിലെ ലോകകപ്പ് പരിശീലന ക്യാമ്പുകളിലും മത്സരങ്ങളിലും താരത്തിന്റെ ബൂട്ടിന്റെ പിന്നിൽ ഈ രണ്ട് പതാകകളും വ്യക്തമായി കാണാമായിരുന്നു. തന്റെ കുടുംബത്തോടുള്ള സ്‌നേഹവും പാരമ്പര്യത്തോടുള്ള അഭിമാനവുമാണ് താരം ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള മത്സരം

യമാലിന്റെ അസാധാരണമായ കളിമികവ് ചെറുപ്രായത്തിൽ തന്നെ പുറത്തുവന്നപ്പോൾ സ്‌പെയിൻ, മൊറോക്കോ, ഇക്വറ്റോറിയൽ ഗിനിയ എന്നീ മൂന്ന് രാജ്യങ്ങൾക്കും അദ്ദേഹത്തെ തങ്ങളുടെ ദേശീയ ടീമിലെത്തിക്കാൻ നിയമപരമായി അവകാശമുണ്ടായിരുന്നു. പ്രത്യേകിച്ച് 2022 ലോകകപ്പിൽ സെമിഫൈനൽ വരെ എത്തി ചരിത്രം സൃഷ്ടിച്ച മൊറോക്കോ, യമാലിനെ തങ്ങളുടെ ടീമിലെത്തിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.

മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫൗസി ലെക്ജാ താരവുമായും കുടുംബവുമായും ദീർഘകാല പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടത്തി. എന്നാൽ, യമാലിന്റെ തീരുമാനം സ്‌പെയിനൊപ്പം തുടരാനായിരുന്നു. തങ്ങൾ ഞങ്ങളുടെ പ്രൊജക്റ്റുകൾ ലാമിനെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നു. എന്നാൽ സ്‌പെയിനിലേക്ക് പോകാൻ അവൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്നാണ് ഇതേക്കുറിച്ച് ലെക്ജാ പിന്നീട് വെളിപ്പെടുത്തിയത്. സ്‌പെയിനും മൊറോക്കോയും തമ്മിൽ വെറും 14 കിലോമീറ്റർ ദൂരമേയുള്ളൂ. ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്. താൻ ലാമിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു സ്പാനിഷ് പൗരനായിട്ടാണ് ജീവിക്കുന്നതെന്നും ചെറുപ്പകാലം മുതൽ കളിച്ചു വളർന്ന സ്പാനിഷ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടുപോകാനാണ് താൽപര്യമെന്നും യമാൽ മൊറോക്കൻ അധികൃതരെ അറിയിക്കുകയായിരുന്നു. അതുപോലെ ഇക്വറ്റോറിയൽ ഗിനിയ ഫുട്‌ബോൾ അസോസിയേഷനും താരത്തോട് അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ‘അവൻ ഞങ്ങളുടെ ഹൃദയത്തോട് ചേന്നുനിൽക്കുന്ന കളിക്കാരനാണ്’ എന്നാണ് അവരുടെ ഫെഡറേഷൻ പ്രസിഡന്റ് വെനാൻസിയോ തോമസ് മുൻപ് ബിബിസിയോട് പ്രതികരിച്ചത്.

സ്‌പെയിനിൽ ഉയർന്ന വിവാദങ്ങൾ

യമാലിന്റെ ഈ ബൂട്ട് ഡിസൈൻ സ്‌പെയിനിലെ കായിക മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള ചർച്ചകൾക്കും ചില കോണുകളിൽനിന്ന് വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. കേപ് വെർദെയ്ക്കെതിരായ സ്‌പെയിന്റെ ആദ്യ ലോകകപ്പ് ഗ്രൂപ്പ് മത്സരം സമനിലയിൽ (0-0) കലാശിച്ചതിന് പിന്നാലെയാണ് സ്പാനിഷ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തിന്റെ ബൂട്ടിലെ മൊറോക്കൻ പതാകയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

സ്‌പെയിനെ അന്താരാഷ്ട്രതലത്തിൽ പ്രതിനിധീകരിക്കുമ്പോൾ ബൂട്ടിൽ സ്പാനിഷ് പതാക ഇല്ലാത്തതും, മുൻപ് താരം കളിക്കാൻ സാധ്യതയുണ്ടായിരുന്ന മൊറോക്കോയുടെ പതാക വച്ചതും ദേശീയതയോടുള്ള കൂറില്ലായ്മയാണ് എന്ന് ചില തീവ്ര ദേശീയവാദികൾ ആരോപിച്ചു. യമാലിനെതിരെ വംശീയവും അധിക്ഷേപകരവുമായ പരാമർശങ്ങൾ വരെ ചില അക്കൗണ്ടുകളിൽനിന്ന് ഉണ്ടായി.

എന്നാൽ, ഭൂരിഭാഗം ഫുട്‌ബോൾ ആരാധകരും കായിക വിദഗ്ധരും ഈ വിമർശനങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞു. യമാൽ സ്‌പെയിനിൽ ജനിച്ചവനാണെന്നും, സ്‌പെയിനെയാണ് അദ്ദേഹം തന്റെ രാജ്യമായി തിരഞ്ഞെടുത്തതെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു കളിക്കാരൻ തന്റെ മാതാപിതാക്കളുടെ പാരമ്പര്യത്തെ ബഹുമാനിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് രാജ്യത്തോടുള്ള സ്‌നേഹത്തെ കുറയ്ക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമങ്ങളിലെ ഒരു വിഭാഗം വിലയിരുത്തി. ആധുനിക യൂറോപ്യൻ ഫുട്‌ബോളിൽ ഒന്നിലധികം സാംസ്‌കാരിക പശ്ചാത്തലമുള്ള കളിക്കാർ വരുന്നത് സർവസാധാരണമാണെന്നും അവർ ഓർമിപ്പിച്ചു.

ലോകകപ്പിലെ പ്രകടനവും സ്‌പെയിന്റെ കുതിപ്പും

വിവാദങ്ങൾ പുകയുമ്പോഴും കളിക്കളത്തിൽ മികച്ച പ്രകടനത്തിലൂടെയാണ് യമാൽ ഇതിന് മറുപടി നൽകുന്നത്. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്‌പെയിൻ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഗ്രൂപ്പ് എച്ചിലെ രണ്ടാമത്തെ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ സ്‌പെയിൻ തകർപ്പൻ തിരിച്ചുവരവ് നടത്തി.

അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ മനോഹരമായ ഗോളിലൂടെ ലമീൻ യമാലാണ് സ്‌പെയിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മിക്കൽ ഒയാർസബാൽ നേടിയ ഇരട്ട ഗോളുകളും സൗദി താരം വരുത്തിയ സെൽഫ് ഗോളും കൂടിയായപ്പോൾ സ്‌പെയിൻ 4-0 ന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ നാലു പോയിന്റുമായി സ്‌പെയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും റൗണ്ട് ഓഫ് 32 യോഗ്യതയ്ക്ക് അരികിലെത്തുകയും ചെയ്തു.

Also read: