ഹോർമുസിലെ ഇറാൻ മൈനുകൾ തുരത്താനാകാതെ കുഴങ്ങി യുഎസ് നേവി; കുരുക്കഴിക്കാൻ എഐ സഹായം തേടി പെന്റഗൺ
വാഷിങ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സമുദ്രപാതകളിൽ ഇറാൻ വിന്യസിച്ചിരിക്കുന്ന അതിമാരകമായ കടൽമൈനുകൾ അമേരിക്കൻ നാവികസേനയ്ക്ക് വലിയ തലവേദനയാകുന്നു. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനോ നിർവീര്യമാക്കാനോ കഴിയാതെ വന്നതോടെ, എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് പെന്റഗൺ. ഇതിനായി പ്രമുഖ എഐ സ്ഥാപനമായ ‘ഡൊമിനോ ഓപ്ഷൻസു’മായി’ 112.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 948 കോടി രൂപ) വമ്പൻ കരാറിലാണ് പെന്റഗൺ ഒപ്പുവെച്ചിരിക്കുന്നത്.
കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൈനുകളെ അതിവേഗം തിരിച്ചറിയാനും അവ സൃഷ്ടിക്കുന്ന ഭീഷണി അളക്കാനും ഈ എഐ സംവിധാനം സഹായിക്കുമെന്നാണ് യുഎസ് നേവിയുടെ പ്രതീക്ഷ. മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗങ്ങൾ നാവികസേനയ്ക്ക് നിർദേശിക്കാനും ഇതിന് സാധിക്കും. മേഖലയിലെ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയ്ക്കാണ് ഈ എഐ പ്രതിരോധത്തിന്റെ ചുമതല നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്താണ് ഡൊമിനോ എഐ?
പരമ്പരാഗത സോണാർ സംവിധാനങ്ങൾക്കും മനുഷ്യനേത്രങ്ങൾക്കും കണ്ടെത്താൻ പ്രയാസമുള്ള മൈനുകളെ കടലിനടിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് അതിവേഗം തിരിച്ചറിയാൻ ഈ എഐ പ്ലാറ്റ്ഫോമിന് സാധിക്കും. മൈനുകൾ കണ്ടെത്തിയാൽ അവയെ നിർവീര്യമാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗങ്ങൾ സൈനികർക്ക് നിർദേശിക്കാനും ഇതിലൂടെ സാധിക്കും. സമുദ്രത്തിനടിയിലെ ഓരോ ചലനവും തത്സമയം വിശകലനം ചെയ്ത് ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ഈ സംവിധാനത്തിന് കഴിവുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാൻ നാവികസേനാ മേധാവി ഷഹറാം ഇറാനിയുടെ ഭീഷണികൾക്കിടയിലാണ് അമേരിക്കയുടെ പുതിയ നീക്കം. ചരക്ക് കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും മൈനുകൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. മൈനുകൾ വിന്യസിക്കുന്നത് കണ്ടെത്തിയാലും അവ നീക്കം ചെയ്യുക എന്നത് സൈനികർക്ക് വലിയ അപകടമുണ്ടാക്കുന്ന ജോലിയാണ്. ഈ വെല്ലുവിളി മറികടക്കാനാണ് മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ അൽഗോരിതങ്ങളെ പെന്റഗൺ ഇപ്പോൾ ആശ്രയിക്കുന്നത്.