ഇറാനെതിരെയുള്ള സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ച് അമേരിക്ക; തീരുമാനത്തിന് പിന്നിൽ ഇറാന്റെ അഭ്യർത്ഥനയെന്ന് ട്രംപ്
വാഷിങ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കിടെ ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന കരാർ വ്യവസ്ഥകൾ. കരാർ വേഗത്തിൽ യാഥാർത്ഥ്യമായാൽ മാത്രമേ ആക്രമണം റദ്ദാക്കുന്ന തീരുമാനത്തിൽ അമേരിക്ക ഉറച്ചുനിൽക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷത്തിന് പരിഹാരം കാണാനുള്ള നീക്കങ്ങളിൽ അമേരിക്കയ്ക്കൊപ്പം ഇസ്രയേലും സഹകരിക്കും. അതേസമയം, ആക്രമണം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ഇറാന് ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക പ്രഹര ശേഷിയോടെ യുഎസ് സൈന്യം സജ്ജമായി നിൽക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അഞ്ചു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനിടെ ഇറാന്റെ ഊർജ നിലയങ്ങളും നിർണായക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അടക്കമുള്ള പ്രാദേശിക നേതാക്കൾ ട്രംപുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് താൽക്കാലിക പിന്മാറ്റമെന്നാണ് വിവരം. എങ്കിലും മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ യുഎസ് പൗരന്മാരോട് ജാഗ്രത പാലിക്കാൻ എംബസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.