ആദ്യ വിക്കറ്റ്? ബിജെപി അധികാരത്തിലെത്തിയ ബംഗാളിൽ ഇഡിയുടെ നീക്കം; തൃണമൂൽ നേതാവ് അഴിമതി കേസിൽ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാളയത്തിൽ ഇഡിയുടെ മിന്നൽ നീക്കം. മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രിയും മുതിർന്ന ടിഎംസി നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലധികം നീണ്ട മാരത്തൺ ചോദ്യം ചെയ്യലിന് ഒടുവിൽ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സി.ജി.ഒ കോംപ്ലക്സിലെ ഓഫീസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങി നിയമവിരുദ്ധമായി ജോലി നൽകിയെന്നാണ് സുജിത് ബോസിനെതിരെയുള്ള പ്രധാന ആരോപണം. 150-ഓളം പേർക്ക് ഇദ്ദേഹം നേരിട്ട് ശുപാർശ നൽകിയതായും ഇതിന് പകരമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിക്കേസിന്റെ തുടർച്ചയായാണ് മുനിസിപ്പാലിറ്റികളിലെ ഈ ക്രമക്കേടും പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും അന്വേഷണ ഏജൻസിയുടെ കർശന നിരീക്ഷണത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ട സുജിത് ബോസ്, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ ശേഷം അറസ്റ്റിലാകുന്ന ആദ്യത്തെ പ്രമുഖ ടിഎംസി നേതാവാണ്. ബിജെപി അധികാരമേറ്റയുടൻ നടന്ന ഈ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ അഴിമതി തുടച്ചുനീക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മറ്റ് 17 മുനിസിപ്പാലിറ്റികളിലും സമാനമായ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.