ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം പെനാൽറ്റികൾ പാഴാക്കിയതിൽ ഒന്നാമത് ക്രിസ്ത്യാനോ, തൊട്ടുപിന്നിൽ മെസ്സി; ആദ്യ പത്തിൽ ആരൊക്കെ?
ഫുട്ബോളിൽ 12 യാർഡിൽ നിന്നുള്ള പെനാൽറ്റി കിക്കിലൂടെ ഗോൾ നേടുക എന്നത് കാണുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പല താരങ്ങളും നിരവധി പെനാൽറ്റികൾ പാഴാക്കിയിട്ടുണ്ട്. വലിയ സമ്മർദ്ദങ്ങൾക്കിടയിലും മികച്ച രീതിയിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്ന നിരവധി കളിക്കാർ ആധുനിക ഫുട്ബോളിലുണ്ടെങ്കിലും എമി മാർട്ടിനെസിനെപ്പോലുള്ള മികച്ച ഗോൾകീപ്പർമാർക്ക് മുന്നിൽ സ്ഥിരതയാർന്ന പെനാൽറ്റി ടേക്കർമാർക്ക് പോലും പിഴവ് സംഭവിക്കാറുണ്ട്. 2001 മുതൽ ഏറ്റവുമധികം പെനാൽറ്റികൾ പാഴാക്കിയ പത്ത് താരങ്ങളുടെ പട്ടിക ഇതാ:
- ക്രിസ്റ്റ്യാനോ റൊണാൾഡോ (36 പെനാൽറ്റികൾ പാഴാക്കി)
എക്കാലത്തെയും മികച്ച പെനാൽറ്റി ടേക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന പോർച്ചുഗൽ നായകനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച പെനാൽറ്റി സ്കോറിങ് ശരാശരി ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പെനാൽറ്റി പാഴാക്കിയതിന്റെ മോശം റെക്കോർഡ് 41-കാരനായ റൊണാൾഡോയ്ക്കാണ്. 2008ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരായ ഷൂട്ടൗട്ടിൽ അദ്ദേഹം നിർണായകമായ പെനാൽറ്റി പാഴാക്കിയിരുന്നു. 2026 ഫെബ്രുവരിയിൽ അൽ നസറിന് വേണ്ടി അൽ ഫൈഹയ്ക്കെതിരെയാണ് അദ്ദേഹം ഒടുവിൽ പെനാൽറ്റി പാഴാക്കിയത്. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച പെനാൽറ്റി ടേക്കർമാരിൽ ഒരാളായി അദ്ദേഹം തുടരുന്നു.
- ലയണൽ മെസ്സി (33 പെനാൽറ്റികൾ പാഴാക്കി)
പട്ടികയിൽ രണ്ടാമതുള്ളത് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയാണ്. 2022ൽ ഖത്തറിൽ അർജന്റീന ലോകകപ്പ് നേടുമ്പോൾ 39-കാരനായ മെസ്സി നാല് പെനാൽറ്റികൾ ഗോളാക്കിയിരുന്നു. കരിയറിൽ 77.9 ശതമാനം വിജയശരാശരിയുള്ള മെസ്സി 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിക്കെതിരെ നിർണായകമായ പെനാൽറ്റി പാഴാക്കിയത് വലിയ നിരാശയുണ്ടാക്കുകയും അദ്ദേഹത്തിന്റെ താൽക്കാലിക വിരമിക്കലിലേക്ക് വരെ നയിക്കുകയും ചെയ്തിരുന്നു.
- നെയ്മർ (22 പെനാൽറ്റികൾ പാഴാക്കി)
പതുക്കെ ഓടിവന്ന് പവർ ഉപയോഗിക്കുന്നതിന് പകരം കൃത്യമായ ദിശയിലേക്ക് പന്തടിക്കുന്ന ശൈലിയുള്ള 34-കാരനായ നെയ്മർ 93 പെനാൽറ്റികൾ ഗോളാക്കി 80.9 ശതമാനം വിജയശരാശരി നിലനിർത്തുന്നുണ്ട്. പിഎസ്ജി, സാന്റോസ്, ബ്രസീൽ ദേശീയ ടീം എന്നിവരുടെ പ്രധാന പെനാൽറ്റി ടേക്കർ അദ്ദേഹമായിരുന്നു. എന്നാൽ മെസ്സി ഉണ്ടായിരുന്നതിനാൽ ബാഴ്സലോണയിൽ അദ്ദേഹത്തിന് കുറച്ചു പെനാൽറ്റികൾ മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.
- സിറോ ഇമ്മൊബിലെ (19 പെനാൽറ്റികൾ പാഴാക്കി)
ലാസിയോയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഇറ്റാലിയൻ സ്ട്രൈക്കർ സിറോ ഇമ്മൊബിലെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. 81.9 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി. സീരി എയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് അദ്ദേഹം.
- ഫ്രാൻസെസ്കോ ടോട്ടി (18 പെനാൽറ്റികൾ പാഴാക്കി)
റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടിയാണ് അഞ്ചാം സ്ഥാനത്ത്. 80 ശതമാനത്തിന് മുകളിൽ വിജയശരാശരിയുള്ള അദ്ദേഹം തന്റെ കരിയറിലെ അവസാന നാലര വർഷങ്ങളിൽ തുടർച്ചയായി 13 പെനാൽറ്റികൾ ഗോളാക്കി മാറ്റിയിരുന്നു. കരിയർ മുഴുവൻ റോമയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം അവർക്കൊപ്പം സീരി എ, കോപ്പ ഇറ്റാലിയ, സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടങ്ങൾ നേടിയിട്ടുണ്ട്.
- സ്ലാറ്റൻ ഇബ്രാഹിമോവിച്ച് (17 പെനാൽറ്റികൾ പാഴാക്കി)
സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ആറാം സ്ഥാനത്തുണ്ട്. 41-ാം വയസ്സിൽ വിരമിച്ച അദ്ദേഹം കരിയറിൽ ആകെ 104 പെനാൽറ്റികൾ എടുത്തതിൽ 87 എണ്ണം ഗോളാക്കി. 83.6 ശതമാനത്തിന്റെ മികച്ച റെക്കോർഡ് അദ്ദേഹം നിലനിർത്തുന്നു.
- എഡിൻസൺ കവാനി (16 പെനാൽറ്റികൾ പാഴാക്കി)
ഉറുഗ്വെ സ്ട്രൈക്കർ എഡിൻസൺ കവാനിയും 16 പെനാൽറ്റികൾ പാഴാക്കി പട്ടികയിലുണ്ട്. 79.7 ശതമാനം വിജയശരാശരിയുള്ള 39-കാരനായ താരം നാപ്പോളിയുടെ പ്രധാന പെനാൽറ്റി ടേക്കറായിരുന്നു. എന്നാൽ പിഎസ്ജിയിൽ ഇബ്രാഹിമോവിച്ചും നെയ്മറും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, മാർഷ്യൽ, റാഷ്‌ഫോർഡ് അടക്കമുള്ള താരങ്ങൾ ഉണ്ടായിരുന്നതിനാലും അദ്ദേഹത്തിന് ആ ടീമുകളിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. നിലവിൽ ബോക്ക ജൂനിയേഴ്സിന് വേണ്ടി അഞ്ച് പെനാൽറ്റികൾ എടുത്തതിൽ മൂന്നെണ്ണം അദ്ദേഹം ഗോളാക്കിയിട്ടുണ്ട്.
- റൊണാൾഡീഞ്ഞോ (16 പെനാൽറ്റികൾ പാഴാക്കി)
ബ്രസീലിന്റെ മാന്ത്രികൻ റൊണാൾഡീഞ്ഞോ എട്ടാം സ്ഥാനത്താണ്. ഫ്രീ കിക്കുകൾ മതിലിനടിയിലൂടെ അടിച്ച് ഗോളാക്കുന്നതിൽ പേരുകേട്ട അദ്ദേഹം ബാഴ്സലോണയിലും എസി മിലാനിലും വിശ്വസ്തനായ പെനാൽറ്റി ടേക്കർ കൂടിയായിരുന്നു.
- അന്റോണിയോ ഡി നതാലെ (14 പെനാൽറ്റികൾ പാഴാക്കി)
ഇറ്റാലിയൻ താരം അന്റോണിയോ ഡി നതാലെ ഒമ്പതാം സ്ഥാനത്താണ്. ഉഡിനീസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ (227 ഗോളുകൾ) അദ്ദേഹം 44 പെനാൽറ്റികൾ എടുത്തതിൽ 75.8 ശതമാനം ഗോളാക്കി. 2010, 2011 വർഷങ്ങളിൽ സെരി എയിലെ ടോപ് സ്കോറർ അദ്ദേഹമായിരുന്നു.
- സെർജിയോ അഗ്യൂറോ (14 പെനാൽറ്റികൾ പാഴാക്കി)
അർജന്റീനയുടെ സെർജിയോ അഗ്യൂറോയാണ് പത്താം സ്ഥാനത്തുള്ളത്. 77.4 ശതമാനം വിജയശരാശരിയുള്ള അദ്ദേഹം 48 പെനാൽറ്റികൾ ഗോളാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിൽ പനെൻക കിക്കിലൂടെ അദ്ദേഹം പെനാൽറ്റി പാഴാക്കിയത് വലിയ തിരിച്ചടിയായിരുന്നു. ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി എളുപ്പത്തിൽ ആ പന്ത് പിടിച്ചെടുക്കുകയും, ആ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് പരാജയപ്പെടുകയും ചെയ്തു.