19/06/2026
[fontresizer_tawhidurrahmandear_widget]

നരേന്ദ്ര മോദിയുടെ പരസ്യങ്ങൾക്ക് ആറ് വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവിട്ടത് 2,586 കോടി; വിവരങ്ങൾ പുറത്തുവിട്ട് ആർ.ടി.ഐ

 നരേന്ദ്ര മോദിയുടെ പരസ്യങ്ങൾക്ക് ആറ് വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവിട്ടത് 2,586 കോടി; വിവരങ്ങൾ പുറത്തുവിട്ട് ആർ.ടി.ഐ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങൾക്കായി കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്ര സർക്കാർ 2,586 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ (ആർ.ടി.ഐ) രേഖകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രിന്റ്, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഹോർഡിങ്ങുകളിലൂടെയും പ്രധാനമന്ത്രിയെയും വിവിധ കേന്ദ്ര പദ്ധതികളെയും പ്രചരിപ്പിച്ചതിന്റെ ആകെ ചെലവാണിത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി കഴിഞ്ഞ ആറ് വർഷത്തിനിടെ ആകെ 796 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) മാത്രം പത്രമാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി 338 കോടി രൂപ നീക്കിവെച്ചു. റേഡിയോ, ടെലിവിഷൻ വിഭാഗങ്ങളിലെ പരസ്യങ്ങൾക്കായി ഇതേ കാലയളവിൽ ഏകദേശം 936 കോടി രൂപയും, ഹോർഡിങ്ങുകൾ ഉൾപ്പെടെയുള്ള ഔട്ട്ഡോർ പരസ്യങ്ങൾക്കായി 583.97 കോടി രൂപയും ചെലവിട്ടിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ പരസ്യച്ചെലവിൽ വൻ വർധനവുണ്ടായതായും സി.ബി.സി വ്യക്തമാക്കുന്നു. ഡിജിറ്റൽ-സോഷ്യൽ മീഡിയ പരസ്യങ്ങളിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായത്. 2020-21 കാലയളവിൽ ഡിജിറ്റൽ പ്രമോഷനായി വെറും 14 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത്, 2025-26 ആയപ്പോഴേക്കും ഇത് 131.35 കോടി രൂപയായി ഉയർന്നു. ഏതാണ്ട് പത്തിരട്ടി വർധനവാണ് ഡിജിറ്റൽ പരസ്യങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി സാകേത് ഗോഖലെ കഴിഞ്ഞ ജൂൺ ഒന്നിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് സി.ബി.സി ജൂൺ 16-ന് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, 2,586 കോടി രൂപയുടെ ഈ വൻകിട പരസ്യ കരാറുകൾ ഏതെല്ലാം ഏജൻസികൾക്കാണ് നൽകിയതെന്ന വിവരം വെളിപ്പെടുത്താൻ സി.ബി.സി തയ്യാറായിട്ടില്ല. ഇത് ‘വാണിജ്യ രഹസ്യമാണ്’ എന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം വിവരങ്ങൾ മറച്ചുവെക്കുകയാണുണ്ടായത്.

ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പ്രമോട്ട് ചെയ്യാൻ ഇത്രയും ഭീമമായ തുക ചെലവിട്ടതെന്നും സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ഒരു സർക്കാർ ഏജൻസി മാത്രം ചെലവഴിച്ച തുകയാണിത്. മറ്റ് കേന്ദ്ര മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ബി.ജെ.പി പാർട്ടിയും നേരിട്ട് നടത്തിയ പരസ്യങ്ങളുടെ കണക്കുകൾ കൂടി കൂട്ടുമ്പോൾ യഥാർത്ഥ തുക ഇതിലും എത്രയോ മുകളിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സർക്കാർ പരസ്യങ്ങളെ ഒരു ആയുധമാക്കി മാറ്റി രാജ്യത്തെ മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണെന്നും, മോദിയെയും ബി.ജെ.പിയെയും പ്രശംസിക്കുന്ന മാധ്യമങ്ങൾക്ക് കോടികളുടെ ഈ പ്രതിഫലം ലഭിക്കുമ്പോൾ അവർ പക്ഷപാതിത്വം കാണിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സാകേത് ഗോഖലെ കൂട്ടിച്ചേർത്തു.

Also read: