19/06/2026
[fontresizer_tawhidurrahmandear_widget]

“ഇന്ത്യയല്ലെങ്കിൽ പിന്നെ ആര് സഹായിക്കും?”; ഗസ്സയ്ക്ക് 100 ദശലക്ഷത്തിന്റെ അടിയന്തര മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഫലസ്തീൻ

 “ഇന്ത്യയല്ലെങ്കിൽ പിന്നെ ആര് സഹായിക്കും?”; ഗസ്സയ്ക്ക് 100 ദശലക്ഷത്തിന്റെ അടിയന്തര മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഫലസ്തീൻ

​ഗസ്സ; തുടർച്ചയായ ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗസ്സയിലെ ആരോഗ്യമേഖലയ്ക്കായി 100 ദശലക്ഷത്തിന്റെ അടിയന്തര മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഫലസ്തീൻ. ന്യൂഡൽഹിയിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം.എ അബുഷാവേഷാണ് കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ ജനതയോടും മാധ്യമങ്ങളോടും ഇക്കാര്യം അഭ്യർത്ഥിച്ചത്. ഇസ്രായേലുമായി വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും, ഗസ്സയിലെ ആരോഗ്യസംവിധാനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയും ഇന്ത്യൻ ജനതയും സഹായിച്ചില്ലെങ്കിൽ പിന്നെ ആര് സഹായിക്കും? ഇപ്പോൾ നൽകിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് നൽകുക?” എന്ന് ചോദിച്ച അബുഷാവേഷ്, കൃത്യസമയത്ത് മെഡിക്കൽ സഹായം ലഭിച്ചാൽ ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവൻ രക്ഷിക്കാനാകുമെന്നും വ്യക്തമാക്കി.

അനസ്തേഷ്യ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് ഉപകരണങ്ങൾ, രക്തം, ശസ്ത്രക്രിയാ ഉപകരണങ്ങൾ, സലൈൻ, ആശുപത്രി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം തുടങ്ങി അടിസ്ഥാനവും എന്നാൽ നിർണ്ണായകവുമായ മെഡിക്കൽ സാധനങ്ങളുടെ കടുത്ത ക്ഷാമമാണ് അന്താരാഷ്ട്ര മാനുഷിക സംഘടനകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിലെ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ വർഷം വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ സർക്കാർ ആശുപത്രികളിൽ ഏകദേശം 65,000 ശസ്ത്രക്രിയകൾ നടത്തിയിരുന്നുവെങ്കിൽ, ഈ വർഷം മരുന്നുകളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കുറവ് കാരണം വെറും 19,500 ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയത്. കൂടാതെ സാധനങ്ങളുടെ അഭാവം മൂലം പതിനൊന്നായിരത്തിലധികം ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടതായും വന്നിട്ടുണ്ട്.

ഫലസ്തീൻ ജനതയുടെ വലിയൊരു ഭാഗവും സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഇവ പൂർണ്ണമായും തകർന്നു. യുദ്ധത്തിൽ വരുമാന മാർഗ്ഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത് നിലവിലെ പൊതുജനാരോഗ്യ സംവിധാനത്തിന് വലിയ ഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഫലസ്തീനിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരും മാനുഷിക സംഘടനകളും സിവിൽ സൊസൈറ്റിയും അടിയന്തരമായി ഇടപെടണമെന്നും അംബാസഡർ അഭ്യർത്ഥിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തെയും 1930-കളിൽ ഇന്ത്യ ഫലസ്തീനെ സഹായിച്ചതിനെയും അംബാസഡർ ഓർമ്മിപ്പിച്ചു. ഫലസ്തീൻ വിഭജനത്തെ മഹാത്മാഗാന്ധി എതിർത്തിരുന്നതും, 1988-ൽ ഫലസ്തീനെ ഒരു രാജ്യമായി ഇന്ത്യ അംഗീകരിച്ചതും ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യ നൽകിയ പിന്തുണകളും അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യൻ സർക്കാർ ഇതിനകം നാല് തവണയായി ഗസ്സയിലേക്ക് മെഡിക്കൽ സഹായങ്ങൾ അയച്ചിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച ഫലസ്തീൻ അഭയാർത്ഥികൾക്കായി 2.5 ദശലക്ഷം ഡോളർ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അബുഷാവേഷ് പറഞ്ഞു.

എന്നാൽ 2017-ൽ ഇന്ത്യ വാഗ്ദാനം ചെയ്ത ആശുപത്രിയുടെ നിർമ്മാണം ഉൾപ്പെടെയുള്ള ചില പദ്ധതികൾ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്, ഇവ ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിദുരന്തങ്ങളോ മറ്റ് മാനുഷിക പ്രതിസന്ധികളോ നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് അവശ്യ മെഡിക്കൽ സാധനങ്ങൾ എത്തിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൈത്രി പ്രൊജക്റ്റ്’ വാഗ്ദാനത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗസ്സയിലേക്ക് ഈ സഹായം ഒഴുകേണ്ട സമയമാണിതെന്നും കൂട്ടിച്ചേർത്തു. ഫലസ്തീൻ പ്രശ്നം വെറുമൊരു രാഷ്ട്രീയ കാര്യമോ അന്താരാഷ്ട്ര നിയമം സംബന്ധിച്ച കാര്യമോ മാത്രമല്ലെന്നും, ഇത് ആഗോള ധാർമ്മിക ഉത്തരവാദിത്തമാണെന്നും ഓർമ്മിപ്പിച്ച അബുഷാവേഷ്, ഈ യാഥാർത്ഥ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇന്ത്യൻ മാധ്യമങ്ങളും യുവാക്കളും തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

Also read: