12/06/2026
[fontresizer_tawhidurrahmandear_widget]

‘ഇനി വയ്യ, മതി!’; തെളിവ് ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ട്രംപ്; മൈക്ക് വലിച്ചെറിഞ്ഞ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോക്ക്

 ‘ഇനി വയ്യ, മതി!’; തെളിവ് ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ട്രംപ്; മൈക്ക് വലിച്ചെറിഞ്ഞ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോക്ക്

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് തെളിവ് ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൻ.ബി.സി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്’ അഭിമുഖത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് കൃത്രിമത്തെക്കുറിച്ച് തെളിവ് ഹാജരാക്കാൻ അവതാരകയായ ക്രിസ്റ്റൻ വെൽക്കർ തുടർച്ചയായി ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ട്രംപ്, മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

കാലിഫോർണിയയിലെ വോട്ടെണ്ണൽ വൈകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുദിവസം പിന്നിട്ടിട്ടും ഫലം പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിച്ചു. ഇത് കാലിഫോർണിയയിലെ സാധാരണ വോട്ടെണ്ണൽ രീതിയാണെന്നും നടപടികൾ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും വെൽക്കർ മറുപടി നൽകി. എന്നാൽ തട്ടിപ്പ് നടക്കുന്നത് കൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത് എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഈ ആരോപണം ശരിവെക്കുന്നതിനുള്ള എന്തെങ്കിലും തെളിവുണ്ടോ എന്ന് വെൽക്കർ നേരിട്ട് ചോദിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അതൊക്കെ തനിക്ക് കണ്ടാൽ അറിയാമെന്നും, ജനങ്ങളുടെ അഭിപ്രായം താൻ കേൾക്കാറുണ്ടെന്നുമായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് വെൽക്കർ ആവർത്തിച്ചതോടെ ട്രംപിന്റെ നിയന്ത്രണം വിട്ടു.

തുടർന്ന് ക്രിസ്റ്റൻ വെൽക്കറെയും എൻ.ബി.സിയെയും എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ തുടങ്ങിയ മറ്റ് പ്രമുഖ മാധ്യമങ്ങളെയും ‘ക്രുക്കഡ്’ (അഴിമതിക്കാർ) എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചു. നിങ്ങൾ ഒന്നുകിൽ അഴിമതിക്കാരാണ്, അല്ലെങ്കിൽ മണ്ടികളാണ് എന്നും, ഇത്തരം അസംബന്ധങ്ങൾ വിളിച്ചുപറയുന്നതിലൂടെ നിങ്ങൾ ആ തട്ടിപ്പുകാരുടെ കൈകളിലാണ് കളിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ ഒരു മൂന്നാം ലോകരാജ്യത്തോടുപമിച്ച ട്രംപ്, എനിക്ക് മതിയായി, നന്ദി ഡാർലിങ്, ബാക്കി കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് മൈക്ക് ഊരി നിലത്തെറിയുകയായിരുന്നു.

ഈ അഭിമുഖത്തിനായി താൻ വിസ്കോൺസിൻ വരെ യാത്ര ചെയ്താണ് വന്നതെന്ന് വെൽക്കർ ഓർമ്മിപ്പിച്ചപ്പോൾ, താൻ മണിക്കൂറുകളോളം മഴയത്ത് ഇരുന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആദ്യം പഠിക്കണമെന്നുമായിരുന്നു ട്രംപിന്റെ തിരിച്ചടി. മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് ഇത്തരത്തിൽ രൂക്ഷവിമർശനം ഉന്നയിക്കുന്നത് ഇതാദ്യമല്ല. ദിവസങ്ങൾക്ക് മുൻപ് സി.എൻ.എൻ റിപ്പോർട്ടർ കെയ്റ്റ്ലൻ കോളിൻസിനെതിരെയും അദ്ദേഹം സമാനമായ രീതിയിൽ പൊട്ടിത്തെറിച്ചിരുന്നു. സി.എൻ.എൻ അങ്ങേയറ്റം അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ജനുവരി ആറിലെ കാപ്പിറ്റോൾ കലാപത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോൾ കോളിൻസിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also read: