ലേണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ
ആലത്തൂർ: ലേണേഴ്‌സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനമോടിച്ച് വന്ന യുവതിക്ക് പിഴ. നിയമലംഘനം നടത്തിയ യുവതിക്കും വാഹന ഉടമയായ ഭർത്താവിനും 5000 രൂപ വീതമാണ് ആലത്തൂർ സബ് ആർടിഒ ഓഫീസ് പിഴ ചുമത്തിയത്.
യുവതി പരീക്ഷാകേന്ദ്രത്തിലേക്ക് വാഹനമോടിച്ച് വരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് പരീക്ഷയ്‌ക്കെത്തിയപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് ലേണേഴ്സ് എഴുതാൻ വന്നതാണെന്ന് ബോധ്യപ്പെട്ടത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയതിനുമാണ് നടപടി. 1988-ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് ആകെ 10,000 രൂപ പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർടിഒ കെ.ആർ രാജു വ്യക്തമാക്കി.