17/06/2026
[fontresizer_tawhidurrahmandear_widget]

ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികളുടെ മരണം; ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ

 ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികളുടെ മരണം; ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ

ബെംഗളൂരു: മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിമുതൽ ബുധനാഴ്ച രാവിലെ 8വരെയുള്ള സമയത്തിനിടയിലാണ് മരണങ്ങളുണ്ടായത്. ഐസിയുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ വൻ പ്രതിഷേധമുയർത്തി. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരും അവരുടെ ബന്ധുക്കളും പരിഭ്രാന്തരായി.

പ്രതിദിനം ശരാശരി 6 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ് സദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാജ്യാന്തര തലത്തിലുള്ള മരണനിരക്കാണിത്. തീർത്തും ഗുരുതരാവസ്ഥയിലായ രോഗികളാണ് മരിച്ചത്. ഇവിടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് പ്രവേശിപ്പിക്കാറുള്ളത്. രോഗികളുടെ യഥാർഥ അവസ്ഥ ബന്ധുക്കളെ കൃത്യമായി ബോധിപ്പിക്കാറുണ്ട്. മരിച്ച 11 പേരിൽ ചിലർ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. മുൻപ് ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന ഒരാൾ പോലും കഴിഞ്ഞ ദിവസം മരിച്ചിട്ടില്ലെന്നും ഡോ. സദാനന്ദ പറഞ്ഞു.

ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും എപ്പോഴും അതീവ ജാഗ്രതയിലാണ്. പക്ഷെ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർഘനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും ഡോ. സദാനന്ദ കൂട്ടിച്ചേർത്തു.

Also read: