17/06/2026
[fontresizer_tawhidurrahmandear_widget]

ലോകകപ്പ് പോരാട്ടത്തിന് മുമ്പ് ഡ്രെസിങ് റൂമിൽ ഒന്നിച്ച് ഖുർആൻ പാരായണം ചെയ്ത് ഈജിപ്ഷ്യൻ താരങ്ങൾ; അമേരിക്കയിലും പതിവ് തെറ്റിച്ചില്ല

 ലോകകപ്പ് പോരാട്ടത്തിന് മുമ്പ് ഡ്രെസിങ് റൂമിൽ ഒന്നിച്ച് ഖുർആൻ പാരായണം ചെയ്ത് ഈജിപ്ഷ്യൻ താരങ്ങൾ; അമേരിക്കയിലും പതിവ് തെറ്റിച്ചില്ല

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ബെൽജിയത്തിനെതിരായ തങ്ങളുടെ ആവേശകരമായ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രെസിങ് റൂമിൽ ഒന്നിച്ച് പ്രാർത്ഥനാനിരതരായി ഈജിപ്ഷ്യൻ ദേശീയ ഫുട്‌ബോൾ ടീം താരങ്ങൾ. ഗ്രൗണ്ടിലിറങ്ങുന്നതിന് മുൻപ് കളിക്കാരെല്ലാം ഒത്തുചേർന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും വിജയത്തിനായി പ്രാർത്ഥന നടത്തുകയും ചെയ്തു. ‘ടീം സ്പിരിറ്റ്’ എന്നു പറഞ്ഞാണ് ആ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ ഫുട്‌ബോൾ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

എല്ലാ മത്സരങ്ങൾക്കുമുൻപും ഇത്തരത്തിൽ ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്യുന്ന ശീലം ഈജിപ്ഷ്യൻ ടീമിനുണ്ട്. ഈ പതിവാണ് അമേരിക്കയിലെ ലോകകപ്പ് വേദിയിലും സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ നേതൃത്വത്തിൽ ടീം ആവർത്തിച്ചത്. ഈജിപ്ഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ(ഇഎഫ്എ) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഡ്രെസിങ് റൂമിൽനിന്നുള്ള ഈ അപൂർവ വീഡിയോ പങ്കുവെച്ചത്.

”എല്ലാ മത്സരങ്ങൾക്കും മുൻപുള്ള ഞങ്ങളുടെ പതിവ് ശീലമാണിത്. ഇതാണ് യഥാർഥ ടീം സ്പിരിറ്റ്”-വീഡിയോയ്‌ക്കൊപ്പം ഇഎഫ്എ കുറിച്ചു. ഇതിനകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞിട്ടുള്ളത്. അപൂർവ കാഴ്ചയെന്നു പറഞ്ഞ് ആയിരക്കണക്കിനു പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഡ്രെസിങ് റൂമിൽ കണ്ട ഒത്തൊരുമയും വീര്യവും കളിയിലും പുറത്തെടുത്ത ഈജിപ്ത് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ചു(സ്‌കോർ: 1-1). ലോക റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ബെൽജിയത്തിനെതിരെ അത്യന്തം ആവേശകരമായ പോരാട്ടമാണ് ഈജിപ്ത് കാഴ്ചവച്ചത്.

കളി തുടങ്ങി ഇരുപതാം മിനിറ്റിൽ തന്നെ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെയുടെ അസിസ്റ്റിൽനിന്ന് റൊമേലു ലുക്കാക്കു ബെൽജിയത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ ബെൽജിയത്തിന് കഴിഞ്ഞു.

എന്നാൽ, രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഈജിപ്ത് നിരന്തരം ബെൽജിയം ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 65-ാം മിനിറ്റിൽ നായകൻ മുഹമ്മദ് സലായുടെ മാന്ത്രിക പാസിൽനിന്ന് അഹ്മദ് ഹസൻ ഈജിപ്തിനായി സമനില ഗോൾ നേടി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ബെൽജിയം കടുത്ത ആക്രമണം നടത്തിയെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച സേവുകളും പ്രതിരോധനിരയുടെ കരുത്തും ഈജിപ്തിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിക്കുകയായിരുന്നു.

Also read: