23/06/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ കാഫിറുകളാണെങ്കിൽ ഞങ്ങൾ നിർമിച്ച റോഡിലൂടെ നടക്കരുത്’; മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയ

 ‘ഞങ്ങൾ കാഫിറുകളാണെങ്കിൽ ഞങ്ങൾ നിർമിച്ച റോഡിലൂടെ നടക്കരുത്’; മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനിടെ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമർശവുമായി മധ്യപ്രദേശ് നഗരവികസന-ഭവനകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയ്‌വർഗിയ. മറ്റു മതസ്ഥരായ ജനപ്രതിനിധികളെ ‘കാഫിറുകൾ’ എന്ന് വിളിക്കുന്നവർ അവർ നിർമിച്ച റോഡുകൾ ഉപയോഗിക്കരുതെന്നും സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇൻഡോർ മണ്ഡലത്തിൽ ഏകദേശം 2.4 കോടി രൂപയുടെ റോഡ് നിർമാണം, ഡ്രെയിനേജ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഇതിന്റെ വീഡിയോ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഹിന്ദു, മുസ്‌ലിം സഹോദരങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശത്താണ് ഈ പുതിയ റോഡ് നിർമിക്കുന്നതെന്നും എന്നാൽ നിരവധി മുസ്‌ലിംകൾ തങ്ങളെ ‘കാഫിറുകൾ’ എന്നാണ് വിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തങ്ങൾ കാഫിറുകളാണെങ്കിൽ, ഈ നിർമിച്ച റോഡിലൂടെ നിങ്ങൾ നടക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമെ മധ്യപ്രദേശ് സർക്കാരിന്റെ പ്രധാന സാമ്പത്തിക സഹായ പദ്ധതികളായ ലാഡ്‌ലി ബെഹ്ന, ലാഡ്‌ലി ലക്ഷ്മി യോജന എന്നിവയെക്കുറിച്ചും മന്ത്രി സംസാരിച്ചു. തങ്ങൾ കാഫിറുകളാണെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ക്ഷേമപദ്ധതികളിൽ നിന്നുള്ള പണം വീട്ടിലെത്തുമ്പോൾ അത് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാർ ഒരിക്കലും ഒരു സമുദായത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്നം) എന്നതാണ് സർക്കാരിന്റെ പ്രധാന മാർഗ്ഗദർശക തത്വമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ജനങ്ങളെ സേവിക്കുക എന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം പ്രസംഗത്തിൽ എടുത്തുകാട്ടി. എന്നാൽ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വിദ്വേഷ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളടക്കം കടുത്ത വിമർശനമാണ് ഇപ്പോൾ ഉന്നയിക്കുന്നത്.

Also read: